ഇന്‍ഡോര്‍ ബിഷപ് മാര്‍ തോമസ് മാത്യു കുറ്റിമാക്കലിന് ജന്മനാടിന്റെ സ്വീകരണം

വാഴക്കുളം: കല്ലൂര്‍ക്കാട് ഇടവകയ്ക്കും കോതമംഗലം രൂപതയ്ക്കും ഏറെ അഭിമാനവും ആഹ്ലാദവുമാണ് ഇന്‍ഡോര്‍ രൂപതയിലെ ബിഷപ്പുമാരെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. ഇന്‍ഡോര്‍ രൂപത ബിഷപ്പായി അഭിഷിക്തനായ മാര്‍ തോമസ് മാത്യു കുറ്റിമാക്കലിന് മാതൃ ഇടവകയായ കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ നല്‍കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. ഇന്‍ഡോറിലെ സ്ഥാനമൊഴിഞ്ഞ ബിഷപ് മാര്‍ ചാക്കോ തോട്ടുമാരിക്കല്‍ ആത്മീയ ശുശ്രൂഷയ്‌ക്കൊപ്പം സാമൂഹ്യസേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന വ്യക്തിത്വമാണെന്നും ഇരുവര്‍ക്കും പൗരോഹിത്യം നല്‍കിയ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നതായും ബിഷപ് പറഞ്ഞു. ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വിശ്വാസത്തിലുള്ള ശുശ്രൂഷയും വിശ്വാസത്തിന്റേതായ ശുശ്രൂഷയും പൗരോഹിത്യത്തിനുണ്ടെന്ന് ബിഷപ് പറഞ്ഞു.
പ്രാരംഭ കാലത്ത് വിശ്വാസത്തിന്റെ ആത്മീയ ശുശ്രൂഷയും വിശ്വാസത്തില്‍ നിന്നുള്ള ഭൗതിക ഇടപെടലുകളും മിഷനറിമാര്‍ക്ക് നടത്തേണ്ടിവന്നിരുന്നെന്ന് ബിഷപ് പറഞ്ഞു. കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് പള്ളി വികാരി റവ. ഡോ. മാനുവല്‍ പിച്ചളക്കാട്ട്, ഫാ. ജോസ് തോട്ടുമാരിയ്ക്കല്‍, കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപിക ഷീബ മാത്യൂസ്, ജോയി കുറ്റിമാക്കല്‍, ഫ്രാന്‍സിസ് റാത്തപ്പിള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബിഷപ്പുമാരായ മാര്‍ തോമസ് മാത്യു കുറ്റിമാക്കല്‍, മാര്‍ ചാക്കോ തോട്ടുമാരിക്കല്‍ എന്നിവര്‍ മറുപടിപ്രസംഗം നടത്തി. നേരത്തെ വാദ്യമേള അകമ്പടിയോടെ ബിഷപ്പുമാരെ പള്ളിയങ്കണത്തില്‍ സ്വീകരിച്ചു. ബിഷപ്പുമാരുടെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലിയും ഉണ്ടായിരുന്നു.

Back to top button
error: Content is protected !!