ക​നാ​ൽ മാ​ലി​ന്യം ജ​ന​വാ​സ​മേ​ഖ​ല​യി​ൽ: പരാതിയുമായി പ്രദേശവാസികള്‍

മൂവാറ്റുപുഴ: കനാല്‍ മാലിന്യം ജനവാസ മേഖലയില്‍ നിക്ഷേപിച്ച പെരിയാര്‍വാലി അധികൃതരുടെ നടപടിക്കെതിരെ പരാതിയുമായി പ്രദേശവാസികള്‍ രംഗത്ത്. പെരിയാര്‍വാലി മുളവൂര്‍ ബ്രാഞ്ച് കനാലിലെ പൊന്നിരിക്കപറമ്പ് ഭാഗത്ത് അടിഞ്ഞു കുടിയ മാലിന്യങ്ങല്‍ ജെസിബി ഉപയോഗിച്ച് സമീപത്തെ ജനവാസ മേഖലയില്‍ കൊണ്ടിട്ടതിനെതിരെയാണ് പ്രദേശവാസികള്‍ പരാതിയുമായി രംഗതെത്തിയിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പ്രദേശവാസികള്‍ ജോലിയ്ക്ക് പോയിരുന്ന സമയത്താണ് പെരിയാര്‍വാലി അധികൃതരുടെ നടപടി. ശനിയാഴ്ച രാത്രി പ്രദേശത്ത് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മാലിന്യ നിക്ഷേപം ശ്രദ്ധയില്‍പെട്ടത്. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം അടക്കം പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്ന സമയത്ത് ജനവാസ മേഖലയില്‍ മാലിന്യം നിക്ഷേപിച്ച നടപടിക്കെതിരെ മുഖ്യമന്ത്രി, ആരോഗ്യ- ജലസേചന വകുപ്പ് മന്ത്രിമാര്‍ക്കും ഓംബുഡ്‌സ്മാനും പരാതി നല്‍കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍. പ്ലാസ്റ്റിക് മാലിന്യങ്ങളും അറവുമാലിന്യങ്ങളും മത്സ്യക്കടകളില്‍ നിന്നുള്ള മാലിന്യങ്ങളും കൂടാതെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ചാക്കുകളില്‍ നിറച്ച മാലിന്യങ്ങളും വിവാഹ വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളെല്ലാം ഒഴുകിയെത്തി പൊന്നിരിക്കപറമ്പ് ഭാഗത്തെ കലുങ്കിലാണ് അടിഞ്ഞിരുന്നത്. നൂറുകണക്കിന് ജനങ്ങള്‍ കുടിവെള്ളത്തിനും ആയിരക്കണക്കിന് ഹെക്ടര്‍ കൃഷിക്കും ഉപയോഗിക്കുന്ന കനാല്‍ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. നേരത്തെ വിവിധ സ്ഥലങ്ങളിലായി അടിഞ്ഞു കൂടിയിരുന്ന മാലിന്യങ്ങള്‍ പെരിയാര്‍ വാലി കനാലിനു കുറുകെയുള്ള നടപ്പാലങ്ങള്‍ പൊളിച്ച് നിര്‍മ്മിച്ചതോടെയാണ് തടസമില്ലാതെ ഒഴുകിയെത്തുന്നത്. കനാല്‍ നിര്‍മിച്ച ഘട്ടത്തില്‍ ജലം ഒഴുകുന്നതിന് നടപ്പാതകള്‍ക്ക് അടിയില്‍ കോണ്‍ക്രീറ്റ് പൈപ്പുകളാണ് സ്ഥാപിച്ചിരുന്നത്. വേനല്‍ക്കാലത്ത് ആഴ്ചയില്‍ മൂന്നു ദിവസമാണ് കനാലില്‍ വെള്ളം തുറന്ന് വിടുന്നത്. വര്‍ഷക്കാലത്ത് കനാല്‍ നിറഞ്ഞ് ഒഴുകുന്ന അവസ്ഥയുമാണ്. പ്രദേശവാസികള്‍ പരാതിയുമായി രംഗത്തെത്തുന്നതോടെ പെരിയാര്‍ വാലി അധികൃതര്‍ മാലിന്യം നീക്കം ചെയ്യുകയാണ് പതിവ്. കനാലുകളുടെ സംരക്ഷണത്തിന് വാച്ചര്‍മാരെ നിയമിച്ചിട്ടുണ്ടങ്കിലും പ്രവര്‍ത്തനം സുഗമമല്ല എന്നും ആരോപണമുണ്ട്. പ്രശ്ന പരിഹാരത്തിനായി കനാലില്‍ വിവിധ ഭാഗങ്ങളില്‍ നിശ്ചിത ദൂരത്തില്‍ ഇരുമ്പ് നെറ്റ് സ്ഥാപിക്കുകയും നെറ്റ് സ്ഥാപിക്കുന്ന പ്രദേശങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ കഴിയുമെന്നും പ്രഖ്യാപനമുണ്ടായങ്കിലും നടപ്പായില്ല

Back to top button
error: Content is protected !!