പക്ഷിപ്പനി; അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട്, ഇറച്ചിയും മുട്ടയുമായി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും

തിരുവനന്തപുരം: ആലപ്പുഴയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പശ്‌ചാത്തലത്തിൽ, കേരള അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട്. ചെക്പോസ്റ്റുകളിൽ കോഴി, താറാവ് എന്നിവയുടെ ഇറച്ചികളോ മുട്ടകളോ കൊണ്ടുവരുന്ന  വാഹനങ്ങൾ തിരിച്ചയ്ക്കാനാണ് നിർദേശം. കേരള അതിർത്തിയിലെ 12 ചെക് പോസ്റ്റുകളിലും 24 മണിക്കൂറും  നിരീക്ഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. വെറ്ററിനറി ഡോക്ടർ, ഇൻസ്പെക്ടർ അടക്കം അഞ്ച് പേരാണ്  സംഘത്തിൽ ഉണ്ടാവുക. ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ചിഞ്ചുറാണി നേരത്തെ വ്യക്തമാക്കിയിരുന്നു. ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. രോഗ ബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലത്തുള്ള മുഴുവന്‍ താറാവുകളെയും കൊന്നു. 17,480 താറാവുകളെയാണ് കൊന്നത്.  34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്കുള്ള നിരോധനം ഏപ്രിൽ 26 വരെ തുടരും. അടിയന്തര സാഹചര്യം നേരിടുന്നതിന് ആലപ്പുഴ ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. പക്ഷികളില്‍ ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങളും അസ്വാഭാവിക ലക്ഷണങ്ങളും നിരീക്ഷണ വിധേയമാക്കാന്‍ എല്ലാ മൃഗാശുപത്രികളിലേയും വെറ്ററിനറി സര്‍ജന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. പൊതുജനങ്ങള്‍ മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും നേരത്തെ മന്ത്രി ആവശ്യപ്പെട്ടിരുന്നു.

Back to top button
error: Content is protected !!