ശബ്ദ സന്ദേശത്തിലൂടെ പ്രവർത്തിക്കുന്ന വീൽചെയര്‍ കണ്ടുപിടുത്തവുമായി വിസാറ്റ് എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍

ഇലഞ്ഞി: പുതിയ കണ്ടുപിടുത്തവുമായി വിസാറ്റ് എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍. ശബ്ദ സന്ദേശത്തിലൂടെ ചലിക്കുന്ന വീല്‍ചെയര്‍ എന്ന ആശയമാണ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കിയത്. ശബ്ദ സന്ദേശത്തിന് അനുസരിച്ച് എങ്ങോട്ട് വേണമെങ്കിലും സഞ്ചരിക്കുന്ന ചക്രങ്ങളിലെ ഈ കസേര കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ കെ.ആര്‍.ഭാഗ്യരാജ്, എം.അക്ഷയ് കൃഷ്ണന്‍, സി.സ്‌നേഹ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. പൂര്‍ണ്ണമായും കോളേജില്‍ തന്നെ നിര്‍മ്മിച്ച ഈ കസേരയുടെ നിര്‍മ്മാണത്തിന് പിന്നില്‍ കോളേജിലെ തന്നെ അധ്യാപകരായ ഡോ. ടി.ഡി.സുബാഷ്, കെ ഹിമ എന്നിവരുടെ സഹായവുമുണ്ട്.

ഒരാഴ്ചയില്‍ 20,000 രൂപ ചിലവഴിച്ചാണ് വീല്‍ചെയര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ശബ്ദ സന്ദേശത്തിന്റെ സഹായത്തോടെ ചലിക്കുന്ന വീല്‍ചെയറുകളുടെ ചക്രങ്ങള്‍ക്ക് കരുത്ത് പകരുന്നത് ഇന്ത്യക്ക് കാറിന്റെ പഴയ വൈപ്പര്‍ മോട്ടറുകള്‍ ആണ്. മോട്ടറില്‍ ഘടിപ്പിച്ചിരിക്കുന്ന സൈക്കിളിന്റെ പല്‍ചക്രങ്ങളും ചെയ്‌നും വീല്‍ചെയറിനെ മുന്നോട്ടും, പിന്നോട്ടും ചലിക്കാന്‍ സഹായിക്കും. മോട്ടറിന് ആവശ്യമായ വൈദ്യുതി നല്‍കാന്‍ ബാറ്ററികളും വീല്‍ചെയറില്‍ തന്നെ സജ്ജമാക്കിയിട്ടുണ്ട്. സ്റ്റുഡിയോ മൈക്കിന്റെ സഹായത്തോടെയാണ് വീല്‍ചെയറില്‍ ഇരിക്കുന്ന ആളുടെ ശബ്ദം കണ്‍ട്രോള്‍ യൂണിറ്റിലേക്ക് എത്തുന്നത്. ആദ്യഘട്ടത്തില്‍ ലാപ്‌ടോപ്പിന്റെ സഹായത്തോടെയാണ് ശബ്ദ സന്ദേശം സ്വീകരിച്ച മോട്ടോറുകള്‍ പ്രവര്‍ത്തിക്കുന്നത്. അടുത്തഘട്ടത്തില്‍ ലാപ്‌ടോപ്പുകള്‍ക്ക് പകരം കണ്‍ട്രോള്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അടുത്തഘട്ടത്തില്‍ സംസാരശേഷി ഇല്ലാത്തവര്‍ക്കായി ‘ആക്‌സിലറോ മീറ്റര്‍’ സെന്‍സര്‍ ഉപയോഗിച്ച് ചലിപ്പിക്കാവുന്ന വീല്‍ചെയര്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനെല്ലാത്തിനും കരുത്തും ഊര്‍ജവും പകരുന്നത് ചെയര്‍മാന്‍ രാജു കുര്യനാണ്.

Back to top button
error: Content is protected !!