സ്‌പെഷ്യല്‍ ഡ്രൈവ്: മദ്യവില്‍പ്പനയും, പൊതുസ്ഥലത്ത് മദ്യപാനം നടത്തിയതുമായി ബന്ധപ്പെട്ട് 1213 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: എറണാകുളം റൂറല്‍ ജില്ലയില്‍ ഒരു മാസമായി നടന്നു വരുന്ന സ്‌പെഷ്യല്‍ ഡ്രൈവില്‍ അനധികൃത മദ്യവില്‍പ്പനയും, പൊതുസ്ഥലത്ത് മദ്യപാനം നടത്തിയതുമായി ബന്ധപ്പെട്ട് 1213 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനില്‍ മാത്രം 94 കേസുകളുണ്ട്. പറവൂരില്‍ 69, കൂത്താട്ടുകളും 63 വീതവും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് 282കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുന്നത്തുനാട് 28, പെരുമ്പാവൂര്‍ 24, മൂവാറ്റുപുഴ 22 വീതം കേസുകളെടുത്തു. നിരന്തര കുറ്റവാളികളും സാമൂഹ്യ വിരുദ്ധരുമായ 401 പേരെ കണ്ടെത്തി അവര്‍ക്ക് നല്ല നടപ്പ് ജാമ്യം നല്‍കുന്നതിനുള്ള റിപ്പോര്‍ട്ട് ബന്ധപ്പെട്ട കോടതിക്ക് നല്‍കി. ജാമ്യം ലഭിക്കുന്നവര്‍ വീണ്ടും കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ കാപ്പ പോലുള്ള നിയമ നടപടി സ്വീകരിക്കും. മോഷണം പോലുള്ള കേസുകളില്‍ പ്രതിയായിട്ടുള്ള 53 പേര്‍ക്കെതിരെ കുറ്റകൃത്യങ്ങളില്‍ വീണ്ടും ഇടപെടാതിരിക്കാന്‍ ബോണ്ട് വയ്ക്കുന്നതിന് റിപ്പോര്‍ട്ട് നല്‍കി. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് വിചാരണക്കിടയിലോ, കോടതിയില്‍ നിന്ന് ജാമ്യമെടുത്ത ശേഷമോ ഒളിവില്‍പ്പോയ 2695 പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പെരുമ്പാവൂര്‍ 482പേരെയും, മൂവാറ്റുപുഴ 260 പേരെയും ആണ് പിടികൂടിയത്. ദീര്‍ഘനാളായി ഒളിവിലായിരുന്ന 127 പേരെ അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ 34 സ്റ്റേഷന്‍ പരിധികളിലും പരിശോധന നടക്കുകയാണ്. വരും ദിവസങ്ങളിലും തുടരും.

 

Back to top button
error: Content is protected !!