പ്രവര്‍ത്തകരുടെ വികാരം അവഗണിച്ച് മുന്നോട്ട് പോകാനാകില്ല; രാജി പിന്‍വലിച്ച് ശരദ് പവാര്‍

ന്യൂഡല്‍ഹി: അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പിന്‍വലിച്ച് ശരദ് പവാര്‍. ഇന്ന് ചേര്‍ന്ന നേതൃയോഗം രാജി ആവശ്യം തള്ളിയതോടെയാണ് രാജി പിന്‍വലിക്കാനുള്ള തീരുമാനം. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം അവഗണിച്ച് മുന്നോട്ട് പോകാന്‍ താനില്ലെന്നും വര്‍ധിത ഊര്‍ജത്തോടെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ തനിക്കുണ്ടായ സമ്മര്‍ദ്ദം, പാര്‍ട്ടി പ്രവര്‍ത്തകരുടെ താല്പര്യം, ദേശീയ തലത്തിലെ രാഷ്ട്രീയ സാഹചര്യം എന്നിവയെല്ലാം കണക്കിലെടുത്ത് അധ്യക്ഷ സ്ഥാനത്ത് തുടരുന്നുവെന്നാണ് പവാര്‍ വ്യക്തമാക്കുന്നത്. നേരത്തെ എന്‍സിപി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ തിരുമാനം പിന്‍വലിയ്ക്കാന്‍ തയ്യാറല്ലെന്ന കടുത്ത നിലപാടില്‍ തുടരുകയായിരുന്നു ശരദ് പവാര്‍. മുതിര്‍ന്ന നേതാക്കളുടെ രാജി പ്രഖ്യാപനത്തിന് ശേഷവും തിരുമാനം അദ്ദേഹം മാറ്റിയിരുന്നില്ല. ഇതോടെ സുപ്രിയ സുലെയെ എന്‍സിപിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് ആക്കാനും നേതൃത്വം പരിഗണിക്കുന്നുണ്ടായിരുന്നു. എന്‍സിപിക്കുള്ളില്‍ ആഭ്യന്തര ഭിന്നത നിലനില്‍ക്കുന്നതിനിടയിലാണ് മുംബൈയിലെ കൊമേഴ്ഷ്യല്‍ ഹാളില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ എന്‍സിപി അധ്യക്ഷസ്ഥാനം താന്‍ ഒഴിയുകയാണ് എന്ന് ശരദ് പവാര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപന ഘട്ടത്തില്‍ തന്നെ സദസ്സിലും വേദിയിലുമുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ശരദ് പവാറിനെ സമീപിക്കുകയും തീരുമാനത്തില്‍ നിന്ന് പിന്മാറണം എന്ന നിര്‍ദ്ദേശിച്ചു. തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ പവാറിന് മുന്നില്‍ പാര്‍ട്ടി നേതാക്കളും സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു.