തുറന്ന വാഹനത്തിലുള്ള സ്ഥാനാര്‍ത്ഥിപര്യടനം അവസാനിപ്പിച്ച് സംഗീതാ വിശ്വനാഥന്‍

മൂവാറ്റുപുഴ: ഇടുക്കി ലോകസഭാ മണ്ഡലത്തെ ഒറ്റുകൊടുത്തവരാണ് ഇടത് വലത് മുന്നണികളെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. സംഗീതാ വിശ്വനാഥന്‍. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ കൊണ്ടുവന്ന് ഇടുക്കിയെ സമ്പൂര്‍ണ്ണമായി വനമേഖലയാക്കാന്‍ ഉള്ള ശ്രമം ആരംഭിച്ചത്. ഇടതുപക്ഷവും അതേ നയമാണ് തുടരുന്നത്. ആയിരക്കണക്കിനേക്കര്‍ വനഭൂമിയാണ് സമീപകാലത്ത് ഇടുക്കി ജില്ലയില്‍ റവന്യൂ ഭൂമിയായി പ്രഖ്യാപിച്ചിട്ടുള്ളത്. ചിന്നക്കനാലിലേത് അവസാനത്തെ ഉദാഹരണം മാത്രം. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ കൊട്ടക്കാമ്പൂര്‍ കേസ് മൂലം സമീപപ്രദേശത്തെ വില്ലേജുകളില്‍ കഴിഞ്ഞ ഏഴെട്ട് വര്‍ഷങ്ങളായി ഒരു പോക്കുവരവ് പോലും നടത്താന്‍ സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതും ഇടുക്കിയിലെ ജനങ്ങള്‍ ഓര്‍മിക്കേണ്ടതുണ്ട്.വനഭൂമി വിഷയം ഹൈറേഞ്ചല്‍ മാത്രമാണ് ഉള്ളത് എന്നാണ് ചിലര്‍ വിചാരിക്കുന്നത് എന്നാല്‍ ലോ റേഞ്ചിലും ഈ വിഷയം ബാധകമാണ്. വനവത്ക്കരണത്തിന്റെ മറവില്‍ ഇടുക്കി ജനതയെ കുടിയൊഴിപ്പിക്കുന്നതിലൂടെ കിട്ടുന്ന സാമ്പത്തിക ലാഭംആഗ്രഹിക്കുന്നവരാണ് ഇരുമുന്നണികളെന്നും അഡ്വ. സംഗീതാ വിശ്വനാഥന്‍ കുറ്റപ്പെടുത്തി. ഇങ്ങനെ ഇടുക്കിയെ ഒറ്റ് കൊടുക്കുന്നവര്‍ക്ക് എതിരെയുള്ള വിധിയെഴുത്തായി തെരഞ്ഞെടുപ്പിനെ കാണണമെന്നും സംഗീതാ വിശ്വനാഥന്‍ അഭ്യര്‍ത്ഥിച്ചു.

ഇന്നത്തെ സ്ഥാനാര്‍ത്ഥിപര്യടനം രാവിലെ മൂവാറ്റുപുഴ പെരുമറ്റത്ത് ബിജെപി സംസ്ഥാന സമിതി അംഗം പി.പി സജീവന്‍ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റി, ആരക്കുഴ, ആവോലി, ആയവന, കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍, മാറാടി, പായിപ്ര, പാലക്കുഴ, വാളകം പൈങ്ങോട്ടൂര്‍, പോത്താനിക്കാട് എന്നീ പഞ്ചായത്തുകളിലൂടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പര്യടനം വാഴക്കുളത്ത് സമാപിച്ചു. കഴിഞ്ഞ 16 ദിവസമായി നടന്നുവന്നിരുന്ന തുറന്ന വാഹനത്തിലുള്ള സ്ഥാനാര്‍ത്ഥിപര്യടനം മൂവാറ്റുപുഴ നിയോജക മണ്ഡലം പര്യടനത്തോടുകൂടി അവസാനിച്ചു. നാളെ തൊടുപുഴയില്‍ നടക്കുന്ന കൊട്ടിക്കലാശത്തില്‍ സ്ഥാനാര്‍ത്ഥി പങ്കെടുക്കും. 3ന് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് സ്ഥിതിചെയ്യുന്ന അര്‍ച്ചന ആശുപത്രി ജംഗ്ഷനില്‍ നിന്നും പ്രകടനം ആരംഭിക്കും അമ്പലം ബൈപ്പാസ് വഴി തൊടുപുഴ പാലം കടന്ന് പ്രകടനം ഗാന്ധി സ്‌ക്വയറില്‍ എത്തും. പോലീസിന്റെ നിര്‍ദ്ദേശപ്രകാരം പാലം മുതല്‍ ഗാന്ധി സ്‌ക്വയര്‍ വരെയുള്ള വശമാണ് എന്‍ഡിഎ പ്രവര്‍ത്തകര്‍ക്ക് അനുവദിച്ചിട്ടുള്ളത്. നാളെ രാവിലെ മുതല്‍ ഇടുക്കി നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളില്‍ സ്ഥാനാര്‍ത്ഥി സന്ദര്‍ശനം നടത്തുന്നുണ്ട്. ഉച്ചകഴിഞ്ഞ് 2ഓടെ തൊടുപുഴയില്‍ എത്തും.

 

Back to top button
error: Content is protected !!