പുത്തന്‍കുരിശ് മഹാത്മാ ഗാന്ധി ഹൈസ്‌കൂളില്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു

കോലഞ്ചേരി: സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ചുവടു പിടിച്ച് നിരവധി ആധുനികവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. വര്‍ത്തമാന കാലത്ത് രാജ്യത്തുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലും മാറ്റങ്ങളുണ്ടാകും. പുത്തന്‍കുരിശ് മഹാത്മാ ഗാന്ധി ഹൈസ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി നിര്‍വഹിച്ചു. പി.വി. ശ്രീനിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കുള്ള ചികിത്സാ സഹായ പദ്ധതിയുടെ ഉദ്ഘാടനം വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശനും സഹപാഠിക്കൊരു സ്‌നേഹഭവനം പദ്ധതിയുടെ ഉദ്ഘാടനം തിരുവാണിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍. പ്രകാശും നിര്‍വഹിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകന്‍ അജി നാരായണന്‍, അധ്യാപകരായ ബിന്ദു ബി. നായര്‍, ജസി കെ. പോള്‍, എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ എന്നിവരെ ആദരിച്ചു. വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അശോക് കുമാര്‍, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജൂബിള്‍ ജോര്‍ജ്, വാര്‍ഡ് അംഗം വി.എസ്. ബാബു, ആലുവ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഒ.ജെ. ജയന്‍, കോലഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ടി. ശ്രീകല, സ്‌കൂള്‍ മാനേജര്‍ സജി കെ. ഏലിയാസ്, പി.ടി.എ പ്രസിഡന്റ് പി.കെ. വേലായുധന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!