എം.വി,.ഐ.പി വലതുകര കനാലില്‍ വെള്ളം തുറന്നു വിടാത്തതില്‍ വ്യാപക പ്രതിഷേധം

പോത്താനിക്കാട് : എം.വി.ഐ.പി വലതുകര കനാലില്‍ വെള്ളം തുറന്നു വിടാത്തതില്‍ വ്യാപക പ്രതിഷേധം. കനാലിന്‍റെ കിഴക്കേയറ്റമായ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ നെടുവക്കാട് ഭാഗത്ത് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് വെള്ളം തുറന്നു വിടാത്തതെന്ന് അധികൃതര്‍ പറയുന്നു. എല്ലാ വര്‍ഷവും ജനുവരി ഒന്നിന് ഷട്ടര്‍ തുറക്കുകയും കാലവര്‍ഷം ശക്തിപ്പെടുന്നതോടെ ഷട്ടര്‍ അടയ്ക്കുകയുമാണ് പതിവ്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കനാലിലെ കാടുകള്‍ വെട്ടിത്തെളിക്കുകയും, ചെളി കോരി നീക്കുകയും, അടര്‍ന്നു പോകുന്ന കോണ്‍ക്രീറ്റുകള്‍ പുന:സ്ഥാപിക്കുകയും ചെയ്യാറുണ്ട്. നടപ്പുസാമ്പത്തിക വര്‍ഷം ഈ ജോലി നടന്നില്ലത്രേ. തന്മൂലം ഈ മേഖലയിലെ ജനങ്ങള്‍ രൂക്ഷമായ ജലക്ഷാമം അനുഭവിക്കുകയാണ്. ഏറെ നാളുകളായി കനാലിലെ നീരൊഴുക്ക് നിലച്ചതുമൂലം സമീപ പ്രദേശങ്ങളിലെ ഭൂരിഭാഗം കിണറുകളിലെയും കുളങ്ങളിലെയും വെള്ളം വറ്റി. ഇതുമൂലം ഇവിടെയുള്ള വീട്ടമ്മമാര്‍ കുടിവെള്ളത്തിനു വേണ്ടി നെട്ടോട്ടമോടുകയാണ്. കുളങ്ങളിലെ വെള്ളം വറ്റിയതു മൂലം ജലസേചനവും, വളര്‍ത്തുമൃഗങ്ങളെ കുളിപ്പിക്കലും മുടങ്ങി. കനാല്‍ വെള്ളത്തെ ആശ്രയിച്ച് കൃഷി ചെയ്തിരുന്ന തെങ്ങ്, ജാതി, വാഴ, പൈനാപ്പിള്‍, ഫലവൃക്ഷ തൈകള്‍, പച്ചക്കറി തുടങ്ങിയവയെല്ലാം ഉണങ്ങിയും, കരിഞ്ഞും നശിച്ചു കൊണ്ടിരിക്കുകയാണത്രേ. എത്രയും വേഗം കനാലില്‍ വെള്ളം തുറന്നു വിടാത്ത പക്ഷം പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് വിവിധ കര്‍ഷക സംഘടനകളുടെ ഭാരവാഹികള്‍ പറഞ്ഞു.

Back to top button
error: Content is protected !!