പോയാലിമല ടൂറിസം പദ്ധതി നടപ്പിലാക്കാൻ തീരുമാനമായി.

 

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ മൂന്നാം വാർഡിൽ 16 ഏക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പോയാലിമല ടൂറിസം പദ്ധതി നടപ്പിലാക്കാൻ പായിപ്ര പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു. പദ്ധതിക്കുവേണ്ടി റവന്യൂ വകുപ്പിൽനിന്ന് ഭൂമി വിട്ടുകിട്ടുന്നതിന് സംസ്ഥാന റവന്യൂ വകുപ്പിനെയും ജില്ലാ ഭരണകൂടത്തിനെയും സമീപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി അറിയിച്ചു. സമുദ്ര നിരപ്പിൽനിന്നു 300 അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോയാലിമലയിൽ നിന്നും പ്രകൃതിയുടെ മനോഹരക്കാഴ്ച കാണാൻ സാധിക്കും. ആലിപോയ മലയെന്ന ഐതിഹ്യമുളള ഇവിടെ മലമുകളിലെ കിണറും, മൊട്ടക്കുന്നുകളും, പാറയിൽ കാണുന്ന കാല്പാദവും, കുതിരയുടെ കുളമ്പുപോലെയുള്ള രൂപവും സഞ്ചാരികളെ ആകർഷിക്കുന്നതാണ്. വൈകുന്നേരം അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിക്കാനും സാധിക്കും. ഔദ്യോഗികമായി ടൂറിസം പ്രോജക്ട് നടപ്പിലാക്കിയില്ലെങ്കിലും നിലവിൽ നിരവധിപേർ ഇവിടെ എത്തുന്നുണ്ട്. ശനിയാഴ്ച പഞ്ചായത്ത്‌, ബ്‌ളോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ പോയാലിമല സന്ദർശിച്ചു കാര്യങ്ങൾ അവലോകനം നടത്തി. വിവിധ ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. സഞ്ചാരികൾക്കായി അടിസ്ഥാന സൗകര്യമൊരുക്കും. വാച്ച്ടവർ, കൃത്രിമ വെള്ളച്ചാട്ടം എന്നിവയെല്ലാം ഒരുക്കുമെന്നും മാതൃൂസ് വർക്കി പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ മൈതീൻ, സ്ഥിരം സമിതി അധ്യക്ഷരായ വി.ഇ. നാസർ, എം.സി. വിനയൻ, സാജിദ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ റിയാസ് ഖാൻ, ബ്‌ളോക്ക് മെമ്പർ ഒ.കെ. മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് ജനപ്രതിനിധികൾ പോയാലി മല സന്ദർശിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ചെയർമാനും, വാർഡ് മെമ്പർ റെജീന ഷിഹാജ് കൺവീനറുമായി പോയാലി ടൂറിസം ഡവലപ്പ്മെന്റ് കമ്മിറ്റി പഞ്ചായത്ത് ഭരണ സമിതി രൂപീകരിച്ചിട്ടുണ്ട്. 12 പഞ്ചായത്ത് മെമ്പർമാർ സമിതിയിൽ അംഗങ്ങളാണ്. ഡീൻ കുര്യാക്കോസ് എം.പി, എൽദോ എബ്രഹാം എം.എൽ.എ., ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം എന്നിവർ രക്ഷാധികാരികളാണ്.

 

ചിത്രം: പഞ്ചായത്ത് പ്രസിഡന്റ് മാതൃൂസ് വർക്കിയുടെ നേതൃത്വത്തിൽ ജന പ്രതിനിധികൾ പോയാലിമല സന്ദർശിക്കുന്നു.

Back to top button
error: Content is protected !!