വാളകത്ത് ആള്‍ക്കൂട്ട വിചാരണയില്‍ കൊല്ലപ്പെട്ട അരുണാചല്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പോലീസ്

മൂവാറ്റുപുഴ: വാളകത്ത് ആള്‍ക്കൂട്ട വിചാരണയില്‍ കൊല്ലപ്പെട്ട അരുണാചല്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പോലീസ് ശ്രമം ആരംഭിച്ചു. ജില്ല ഭരണകൂടത്തിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ബന്ധുക്കളെ മൂവാറ്റുപുഴയില്‍ എത്തിക്കാനും, മൃതദേഹം കൈമാറാനും, അരുണാചലിലേക്ക് തിരികെ എത്തിക്കാനുമുള്ള ശ്രമത്തിലാണ് പോലീസ്. യാത്രയ്ക്കും മൃതദേഹം കൊണ്ടുപോകുന്നതിനും ആവശ്യമായ പണം കണ്ടെത്താന്‍ കഴിയാത്തതിനാലാണ് ബന്ധുക്കള്‍ എത്താത്തതിന് കാരണമെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ 11നു രാത്രി മരിച്ച അശോക് ദാസിന്റെ മൃതദേഹം ഒരാഴ്ച പിന്നിട്ടിട്ടും മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മൃതദേഹം ഏറ്റുവാങ്ങാന്‍ ഹൈദരാബാദില്‍ നിന്നുള്ള സുഹൃത്തുക്കള്‍ എത്തിയെങ്കിലും രക്തബന്ധം ഇല്ലാത്തവര്‍ക്ക് മൃതദേഹം കൈമാറാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചതിനാല്‍ ഇവര്‍ മടങ്ങിയിരുന്നു. അരുണാചലില്‍ നിന്ന് ബന്ധുക്കള്‍ക്ക് ഇവിടെ എത്താനും മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനും കഴിയുന്ന സാമ്പത്തിക ശേഷിയില്ല എന്ന് അവര്‍ പോലീസിനെ അറിയിച്ചിരുന്നു. ഇതിനിടെ കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് പോലീസ് അനുവദിക്കുകയാണെങ്കില്‍ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ലേബര്‍ ഓഫിസര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മൃതദേഹം ബന്ധുക്കള്‍ ആരെങ്കിലും ഏറ്റുവാങ്ങാതെ നാട്ടിലേക്ക് എത്തിക്കുന്നതിന് നിയമപരമായി തടസ്സം ഉണ്ടെന്നായിരുന്ന് പോലീസിന്റെ നിലപാട്.

 

Back to top button
error: Content is protected !!