ശരീരം തളർന്നിട്ടും മനസ്സ് തളരാതെ പരീക്ഷയെ നേരിട്ട വിഷ്ണു പ്രസാദിനും ഇക്കുറി എ പ്ലസ് ലഭിച്ചു.

കൂത്താട്ടുകുളം : ശരീരം തളര്‍ന്നിട്ടും മനസ്സ് തളരാതെ പരീക്ഷയെ നേരിട്ട വിഷ്ണു പ്രസാദിനും ഇക്കുറി എ പ്ലസ് ലഭിച്ചു. തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂര്‍ അത്താനിക്കല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ പാണുകുന്നേല്‍ വിഷ്ണുപ്രസാദ് വിപിന്‍ (16) ആണ് എസ്എസ്എല്‍സി പരീക്ഷയില്‍ മൂന്ന് വിഷയങ്ങള്‍ക്ക് എ പ്ലസ് ലഭിച്ചത്. കനാലില്‍ വീണ് പരിക്കേറ്റ വിഷ്ണുപ്രസാദ് ഒരു വര്‍ഷമായി ശരീരം തളര്‍ന്ന് കിടപ്പിലാണ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ വിഷ്ണുപ്രസാദ് കഴിഞ്ഞവര്‍ഷം വീടിനു സമീപത്തെ കനാലില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയതായിരുന്നു. വിഷ്ണുപ്രസാദ് കനാലില്‍ ചാടുന്നതിനിടെ കനാല്‍ ഭിത്തിയില്‍ തലയിടിച്ച് പരിക്കേല്‍ക്കുകയും.

സ്‌പൈനല്‍ കോഡിന് സംഭവിച്ച ഗുരുതര പരിക്കേനെ തുടര്‍ന്ന് ശരീരം പൂര്‍ണ്ണമായി തളര്‍ന്നു പോകുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിഞ്ഞിരുന്നില്ല. എഴുന്നേറ്റ് നടക്കാനാകുമെന്ന് പൂര്‍ണമായ പ്രതീക്ഷ ഇല്ലാതിരിക്കെ യൂട്യൂബിലൂടെയും കൂട്ടുകാരുടെയും അധ്യാപകരുടെയും സഹായത്തോടെ പഠനം തുടര്‍ന്ന് പത്താം ക്ലാസ് പരീക്ഷയില്‍ ഈ വിജയം നേടിയത്. പരീക്ഷയ്ക്ക് ഒരു സഹായിയെ വച്ചാണ് വിഷ്ണുപ്രസാദ് പരീക്ഷ എഴുതിയത്. ഹിന്ദിയും ഇംഗ്ലീഷും വിഷമമായിരുന്നു എങ്കിലും വിജയിക്കുമെന്ന് നല്ല ഉറപ്പുണ്ടായിരുന്നതായി വിഷ്ണുപ്രസാദ് പറഞ്ഞു. ഡോക്ടര്‍ ആവണം എന്നായിരുന്നു ആഗ്രഹം.
എന്നാല്‍ നിലവിലെ ശാരീരിക അവസ്ഥ കണക്കിലെടുത്ത് കമ്പ്യൂട്ടര്‍ സയന്‍സ് എടുക്കാനാണ് ആലോചിക്കുന്നത്. ശരീരം പൂര്‍ണ്ണമായി തളര്‍ന്ന വിഷ്ണുപ്രസാദിന് വിവിധ ആശുപത്രികളില്‍ ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലാണ് ഫൈനല്‍ കോഡിന്റെ ക്ഷതം സംഭവിച്ച ഭാഗം ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ചത്. ഇതോടെ വിഷ്ണുപ്രസാദ് പതുക്കെപ്പതുക്കെ പഴയ ജീവിതത്തിലേക്ക് തിരികെ വരുമെന്നാണ് പ്രതീക്ഷയിലാണ് വിഷ്ണുവിന്റെ കുടുംബം.

ആശുപത്രി വാസത്തിനു ശേഷം കോതമംഗലം, ഈരാറ്റുപേട്ട പറവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഫിസിയോതെറാപ്പി , അക്യുപഞ്ചര്‍ തുടങ്ങിയ ചികിത്സകളില്‍ ആയിരുന്നു. പരീക്ഷ എഴുതുന്നതിനായിട്ടാണ് വിഷ്ണുപ്രസാദ് വീട്ടിലെത്തിയത്. പലസ്ഥലങ്ങളില്‍ നിന്നും ലഭിച്ച സഹായം കൊണ്ടാണ് വിഷ്ണുവിന്റെ ചികിത്സ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് തന്നെ 40 ലക്ഷം രൂപ ചിലവായി. ഇനിയും ചികിത്സയ്ക്ക് കൂടുതല്‍ പണം ആവശ്യമുണ്ട്. തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിഷ്ണുപ്രസാദിനെ തേടി കൂടുതല്‍ സഹായങ്ങള്‍ എത്തുമെന്ന് പ്രതീക്ഷയിലാണ് കുടുംബം.വിഷ്ണുപ്രസാദിന്റെ പിതാവ് വിപിന്‍. പി. രാജ് കാക്കനാട് ഉള്ള ഒരു ഹോട്ടലിലെ മാനേജരാണ്. സ്വന്തമായി മണ്ണത്തൂരില്‍ ലേഡീസ് ടൈലറിംഗ് ഷോപ്പ് നടത്തിയിരുന്ന മാതാവ് ഉഷ അതെല്ലാം അവസാനിപ്പിച്ച് മകനോടൊപ്പം പരിചരണത്തിലാണ്. സഹോദരി വൈഷ്ണവി ഇതേ സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Back to top button
error: Content is protected !!