കൊറിയർ സ്ഥാപനം വഴി കടത്തിയ ഇരുനൂറ് ഗ്രാം എം.ഡി.എം.എ പോലീസ് പിടിയിൽ

ആലുവ: ആലുവ കുട്ടമശരിയിലെ കൊറിയർ സ്ഥാപനം വഴി കടത്തിയ ഇരുനൂറ് ഗ്രാം എം.ഡി.എം.എ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി. ഇരുപത് ലക്ഷം രൂപ വിലവരും. മഹാരാഷ്ട്രയിൽ നിന്നാണ് കൊറിയർ അയച്ചിരിക്കുന്നത്. ബ്ലൂടുത്ത് സ്പീക്കറിനുള്ളിൽ പ്രത്യേകം പായ്ക്ക് ചെയ്ത് രണ്ട് കവറിനുള്ളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം അങ്കമാലിയിൽ കൊറിയറിൽ കടത്തിയ 20 ലക്ഷം രൂപയുടെ 200 ഗ്രാം എം.ഡി.എം.എ പോലീസ് പിടികൂടിയിരുന്നു. ഇത് വാങ്ങാൻ വന്ന ചെങ്ങമനാട് സ്വദേശി അജ്മലിനെ അറസ്റ്റ് ചെയ്തിരുന്നു. അതിന്‍റെ തുടർ അന്വേഷണത്തിന്‍റെ ഭാഗമായാണ് വെള്ളിയാഴ്ച കൊറിയറിൽ വന്ന രാസലഹരി പിടികൂടിയത്. രണ്ടും ഒരേ വിലാസത്തിലാണ് വന്നത്. വിലാസത്തിന്‍റെ ഉടമയല്ല കൊറിയർ വാങ്ങാൻ വരുന്നത്. അടുത്തടുത്ത മൂന്നു ദിവസങ്ങളിലായ് അറുപത് ലക്ഷം രൂപ വിലവരുന്ന 600 ഗ്രാം എം.ഡി.എം.എ യാണ് റൂറൽ പോലീസ് പിടികൂടിയത്. എസ്.പി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ ഡി.വൈ.എസ്.പിമാരായ പി.കെ.ശിവൻകുട്ടി, പി.പി ഷംസ്, എന്നിവരടങ്ങുന്ന ടീമാണ് മയക്കുമരുന്ന് പിടികൂടിയത്.

Back to top button
error: Content is protected !!