മൂവാറ്റുപുഴ

പൈനാപ്പിളിന് വളമിടാനും കീട-രോഗനിയന്ത്രണത്തിനും ഇനി ഡ്രോണ്‍

മൂവാറ്റുപുഴ: സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ് മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ എസ്എംഎഎം പദ്ധതി പ്രകാരം ആവിഷ്‌ക്കരിച്ച കാര്‍ഷിക ഡ്രോണുകളുടെ കൃഷിയിട പ്രദര്‍ശനവും പ്രവര്‍ത്തിപരിചയവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഡ്രോണ്‍ പോലെയുള്ള പുതിയ സാങ്കേതിക വിദ്യകള്‍ കാര്‍ഷിക രംഗത്ത് പുത്തനുണര്‍വ് നല്‍കുമെന്നും, വിളകളുടെ ഉല്പാദന ചിലവ് കറയ്ക്കാനും, പ്രകൃതിസംരക്ഷണത്തിലധിഷ്ഠിതമായ ഒരു വിളപരിപാലന രീതി കാര്‍ഷിക രംഗത്ത് കൊണ്ടുവരാന്‍ ഇത്തരത്തിലുള്ള പുത്തന്‍ സാങ്കേതിക വിദ്യകള്‍ക്ക് സാധിക്കുമെന്ന് ഉല്ലാസ് തോമസ് പറഞ്ഞു.
മൂവാറ്റുപുഴ ബ്ലോക്കില്‍ ആയവന പഞ്ചായത്ത് സിദ്ധന്‍ പടിയില്‍ ജോര്‍ജ് ജേക്കബ്ബ് മലേക്കുടിയുടെ 7 ഏക്കര്‍ പൈനാപ്പിള്‍ തോട്ടത്തിലാണ് കാര്‍ഷിക ഡ്രോണുകളുടെ ഡെമോണ്‍സ്‌ട്രേഷന്‍ നടത്തിയത്.

കാര്‍ഷിക മേഖലയില്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ജനങ്ങള്‍ക്ക് സ്വാഭാവികമായുണ്ടാകുന്ന ആശങ്കകള്‍ പരിഹരിക്കാന്‍വേണ്ടിയാണ് ഇത്തരത്തിലുള്ള ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചത്. വളപ്രയോഗം, കളനിയന്ത്രണം, കീടനിയന്ത്രണം, ഏരിയല്‍ സര്‍വേ എന്നീ മേഖലകളില്‍ ഡ്രോണുകള്‍ ഫലപ്രദമായി ഉപയോഗിക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. ചുരുങ്ങിയ സമയം കൊണ്ട് കൂടുതല്‍ സ്ഥലത്ത് വിള പരിപാലനം നടത്താനും, പ്രകൃതിക്ക് ദോഷം വരാതെ ചുരുങ്ങിയ അളവിലുള്ള വിള സംരക്ഷണ മരുന്നുകളുപയോഗിച്ച് വിളകളെ സംരക്ഷിക്കാനും ഈ രീതിയിലൂടെ സാധിക്കും. നടപ്പു സാമ്പത്തിക വര്‍ഷം വകുപ്പ് നടപ്പാക്കുന്നഎസ്എംഎഎം
പദ്ധതി പ്രകാരം പത്ത് ലക്ഷം രൂപവരെ വിലവരുന്ന ഡ്രോണുകള്‍ വ്യക്തിഗത കര്‍ഷകര്‍ക്ക് നാലു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപവരെ സബ്‌സിഡിയില്‍ നല്‍കും. പദ്ധതി ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ജില്ലകള്‍തോറും കൃഷിയിടങ്ങളില്‍ കാര്‍ഷിക ഡ്രോണുകളുടെ പ്രദര്‍ശനവും പ്രവൃത്തിപരിചയവും വകുപ്പിലെ കാര്‍ഷിക എന്‍ജിനിയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നത്. ചടങ്ങില്‍ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ആയവന പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജന്‍ കടയ്‌ക്കോട്ട് സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി ജോസ്, ദക്ഷിണ മേഖലാ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (കൃഷി) സി.കെ. രാജ്‌മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്‌സി ജോര്‍ജ് ,പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രഹന സോബിന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം എസ് ഭാസ്‌കരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൂലി സുനില്‍ കൃഷി അസി.ഡയറക്ടര്‍ ടാനി തോമസ് ,അസി. എക്‌സിക്യൂട്ടീവ് എന്‍ഞ്ചിനീയര്‍ കെ സുരേഷ് കുമാര്‍ പഞ്ചായത്ത് അംഗങ്ങളായ അനീഷ് പി.കെ ,ഉഷ രാമകൃഷ്ണന്‍, ജയിംസ് എന്‍ ജോഷി, രമ്യ പി ആര്‍ ,ജോളി ഉലഹന്നാന്‍ ,ജോസ് പൊട്ടമ്പുഴ ,കാര്‍ഷിക സര്‍വ്വകലാശാല അസ്സോ .പ്രൊഫസര്‍ ഡോ.ബെറിന്‍ പത്രോസ് ,കൃഷി ഓഫീസര്‍ അഞ്ജു പോള്‍ എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!