തടി ലോറിയുടെ പിന്നിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറി അപകടം: പിക്കപ്പ് വാന്‍ സഹായിക്ക് ഗുരുതര പരിക്ക്

വാഴക്കുളം: വാഴക്കുളത്ത് തടി ലോറിയുടെ പിന്നിലേക്ക് കോഴിയിറച്ചി കയറ്റി വന്ന പിക്കപ്പ് വാന്‍ ഇടിച്ചുകയറി അപകടം. അപകടത്തില്‍ പിക്കപ്പ് വാന്‍ സഹായി പാലക്കാട് സ്വദേശിയായ ജോമോന്‍ കുര്യാക്കോസ് (41)ന് തലക്ക് ഗുരുതരമായും, ഡ്രൈവര്‍ വിപിന് നിസ്സാരമായും പരിക്കേറ്റു. ലോറി ഡ്രൈവര്‍ പരിക്കുകളേല്‍ക്കാതെ രക്ഷപെട്ടു. വാഴക്കുളം ഫെഡറല്‍ ബാങ്കിന് സമീപം ഇന്ന് പുലര്‍ച്ച 5ഓടെയാണ് അപകടമുണ്ടായത്. തൊടുപുഴ ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന തടി ലോറിയുടെ പിന്നിലേക്ക് പിന്നാലെ എത്തിയ പിക്കപ്പ് വാന്‍ ഇടിച്ച് കയറുകയായിരുന്നു. അപകടത്തെതുടര്‍ന്ന് പിക്കപ്പ് വാനില്‍ കുടുങ്ങിയ ഡ്രൈവറെയും, സഹായിയെയും കല്ലൂര്‍ക്കാട് അഗ്‌നിരക്ഷാ സേനയെത്തിയാണ് പുറത്തിറക്കിയത്. പരിക്കേറ്റ ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാനിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. സീനിയര്‍ ഫയര്‍ ഓഫീസര്‍ എന്‍.ആര്‍ ഷൈജുവിന്റെ നേതൃത്വത്തില്‍ ഫയര്‍ ഡ്രൈവര്‍മാരായ ജിജോ ഫിലിപ്പ് , സിനു കെ.റ്റി, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജെയ്സ് ജോയി, അനില്‍ കുമാര്‍, ഹരികൃഷ്ണന്‍, പൊങ്കാട് ബിജു എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഴക്കുളം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അപകടത്തെ തുടര്‍ന്ന് തൊടുപുഴ വാഴക്കുളം റോഡിലുണ്ടായ ഗതാഗത തടസ്സം അഗ്‌നിരക്ഷാ സേനയും, പോലീസും ചേര്‍ന്നാണ് പുഃസ്ഥാപിച്ചത്.

Back to top button
error: Content is protected !!