അറസ്റ്റിനെതിരായ കെജ്‌രിവാളിന്‍റെ ഹരജി സുപ്രീംകോടതി നാളെ പരിഗണിക്കും

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എ.എ.പി) ദേശീയ അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹരജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. സുപ്രീംകോടതിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിശദാംശങ്ങൾ അനുസരിച്ച്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സുപ്രീം കോടതിയിൽ സമർപ്പിച്ച ഏറ്റവും പുതിയ സത്യവാങ്മൂലത്തിൽ, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് കെജ്‌രിവാൾ ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താൻ ഇ.ഡി പോലുള്ള ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നതിന്‍റെ ഉദാഹരണ് തനിക്കെതിരെയുള്ള കേസെന്ന് കെജ്രിവാൾ ആരോപിച്ചു. ഒമ്പത് സമൻസ് അയച്ചിട്ടും ഹാജരാകാതെ അരവിന്ദ് കെജ്‌രിവാൾ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറിയതായും അന്വേഷണം ഒഴിവാക്കാൻ ശ്രമിച്ചതായും ഇ.ഡി നേരത്തെ ആരോപിച്ചിരുന്നു. കേസില്‍ വൻതോതിൽ തെളിവുകൾ നശിപ്പിക്കപ്പെട്ടതായും ഇ.ഡി പറയുന്നു.അതേസമയം, ഇ.ഡി കള്ളം പറയുന്ന യന്ത്രമായി മാറിയെന്നായിരുന്നു കെജ്‌രിവാളിന്‍റെ അറസ്റ്റിൽ എ.എ.പി പ്രതികരിച്ചത്. യജമാനന്മാരായ ബി.ജെ.പിയുടെ നിർദ്ദേശപ്രകാരമാണ് നുണകളുമായി വരുന്നതെന്നും എ.എ.പി ആരോപിച്ചു. മദ്യവിരുദ്ധ അഴിമതിക്കേസിൽ മാർച്ച് 21നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. വിചാരണ കോടതി അദ്ദേഹത്തെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. പിന്നീട് ഇത് നീട്ടി. നിലവിൽ തിഹാർ ജയിലിലാണ് കെജ്‌രിവാൾ.

Back to top button
error: Content is protected !!