പരിപ്പ് തോട് പാടശേഖര നവീകരണപ്രവർത്തനങ്ങൾക്കായി നബാര്‍ഡില്‍ നിന്നും 1.52 കോടി രൂപ അനുവദിച്ചു.

 

മൂവാറ്റുപുഴ: ആയവന പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ അഞ്ചല്‍പെട്ടിയില്‍ പരിപ്പ്തോട് പാടശേഖരം നവീകരണത്തിനൊരുങ്ങുന്നു. പാടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമീണ മേഖലയിലെ അടിസ്ഥാന വികസനത്തിനായി നബാര്‍ഡില്‍ നിന്നും 1.52 കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ. അറിയിച്ചു. ആയവന പഞ്ചായത്തിലെ 60 ഏക്കര്‍ വരുന്ന പ്രധാന പാടശേഖരങ്ങളിലൊന്നായ പരിപ്പ് തോട് പാടശേഖരത്തിനെ കൃഷിയ്ക്കനുയോജ്യമാക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. എല്‍ദോ എബ്രഹാം എം.എല്‍.എ. നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന തരിശ് രഹിത മൂവാറ്റുപുഴ ക്യാമ്പയിന്റെ ഭാഗമായി മണ്ഡലത്തിലെ തരിശായി കിടക്കുന്ന ഭൂമികളെല്ലാം തന്നെ കൃഷിയ്ക്കനുയോജ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി പരിപ്പ്‌തോട് പാടശേഖരത്തിന്റെ നവീകരണത്തിനായി ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാറിന് നേരത്തെ കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഗ്രാമീണ മേഖലയിലെ അടിസ്ഥാന വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നബാര്‍ഡില്‍ നിന്നും 1.52 കോടി രൂപ അനുവദിച്ചത്. കേരള ലാന്‍ഡ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ് പദ്ധതി നിര്‍വ്വഹണ ചുമതല. പാടത്തേയ്ക്ക് കര്‍ഷകര്‍ക്ക് വാഹനങ്ങള്‍ എത്തിക്കുന്നതിനും കാർഷിക വിളകള്‍ കൊണ്ട് പോകുന്നതിനുമായി ഫാം റോഡ് നിര്‍മ്മിക്കും. ഒന്നര കിലോമീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയിലുമാണ് റോഡ് നിര്‍മിക്കുന്നത്. പാടത്തിലേയ്ക്ക് ജലവിതരണം നടത്തുന്ന പരിപ്പ് തോട് ഇതോടൊപ്പം നവീകരിക്കും. പത്ത് മീറ്ററോളം വീതിയുള്ള തോടിന് ഇരുവശത്തും സംരക്ഷണ ഭിത്തി നിര്‍മിക്കുകയും തോടിന്റെ ആഴം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. തോടിന് ആഴമില്ലാത്തതിനാല്‍ ചെറിയൊരു മഴപെയ്താല്‍ തോടില്‍ വെള്ളം നിറഞ്ഞ് കൃഷി വെള്ളത്തിലാകുന്നത് പതിവാണ്. തോട് നവീകരിക്കുന്നതോടെ വര്‍ഷക്കാലത്ത് പാടത്തെ വെള്ളകെട്ടിന് പരിഹാരവും വേനല്‍ കാലത്ത് ജലവിതരണം സുഗമമാക്കുന്നതിനും സഹായകരമാകും. ഇതോടൊപ്പം തന്നെ റാമ്പ് നിര്‍മ്മാണം അടക്കം കൃഷിയ്ക്ക് അനുയോജ്യമായ രീതിയില്‍ വിവിധ പദ്ധതികളും പരിപ്പ് തോട് പാടശേഖരത്തില്‍ നടപ്പിലാക്കുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ. പറഞ്ഞു. പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ. യുടെ നേതൃത്വത്തില്‍ പരിപ്പ്‌തോട് പാടശേഖരത്ത് നടപ്പിലാക്കേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എല്‍ദോ എബ്രാഹം എം.എല്‍.എ., ആയവന ഗ്രാമ പഞ്ചായത്ത് സുറുമി അജീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്‌സി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിവാഗോ തോമസ് വാര്‍ഡ് മെമ്പര്‍ അനീഷ് പി.കെ., മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഷാജി അലിയാര്‍, മുന്‍ മെമ്പര്‍ മാരായ കെ.എസ്. രമേശ് കുമാര്‍, ദീപാ ജിജിമോന്‍, കൃഷി അസി. ഡയറക്ടര്‍ ടാനി തോമസ്, ആയവന കൃഷി ഓഫീസര്‍ ബോസ് മത്തായി, ഏനാനെല്ലൂര്‍ വില്ലേജ് ഓഫീസര്‍ ഷീജ ജോണ്‍, കെ.എല്‍.ഡി.സി. ഉദ്യോഗസ്ഥര്‍, പാടശേഖര സമിതി ഭാരവാഹികള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു

ചിത്രം- നവീകരണത്തിനൊരുങ്ങുന്ന പരിപ്പ് തോട് പാടശേഖരത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ എല്‍ദോ എബ്രഹാം എം.എല്‍.എ. യുടെ നേതൃത്വത്തില്‍ വിലയിരുത്താനെത്തിയപ്പോള്‍…സുറുമി അജീഷ്, മേഴ്‌സി ജോര്‍ജ്, ഷിവാഗോ തോമസ് അനീഷ് പി.കെ., ഷാജി അലിയാര്‍, കെ.എസ് രമേശ് കുമാര്‍, ദീപാ ജിജിമോന്‍, ടാനി തോമസ്, ബോസ് മത്തായി, ഷീജ ജോണ്‍ എന്നിവര്‍ സമീപം……………….

Back to top button
error: Content is protected !!