പാലക്കുഴ പഞ്ചായത്തിൽ ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ ആരംഭിച്ചു.

മൂവാറ്റുപുഴ: പാലക്കുഴ പഞ്ചായത്തിൽ ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ ആരംഭിച്ചു. 18 വയസിന് മുകളിൽ പ്രായമുള്ള മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികളുടെ ക്ഷേമത്തിനായയാണ് ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ പ്രവർത്തിക്കുന്നത്. 18 വയസിൽ താഴെ ഉള്ള വിദ്യാർഥികൾക്ക് ബഡ്സ് സ്കൂളുകളാണ് അനുവദിക്കുക. വിദ്യഭ്യാസ വകുപ്പിന് സ്കൂളുകളുടെ ചുമതലയും, സാമൂഹിക നീതി വകുപ്പിന് റീഹാബിലിറ്റേഷൻ സെന്ററുകളുടേയും നടത്തിപ്പാണ് നിലവിൽ ഉള്ളത്. വാളകം, മാറാടി, എന്നിവിടങ്ങളിൽ സ്കൂളുകൾ പ്രവർത്തനം ഇതിനോടകം ആരംഭിച്ചു. പോത്താനിക്കാട്, പായിപ്ര, ആരക്കുഴ എന്നീ പഞ്ചായത്തുകളിൽ സെന്ററിനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്ന് എൽദോ എബ്രഹാം എം.എൽ.എ.അറിയിച്ചു.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഇതിനായി സജ്ജമാക്കാൻ സർക്കാർ ലക്ഷ്യമിടുകയാണ്.
ജില്ലയിൽ 25 ബഡ്സ് സ്കൂളും 15 ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററുകൾക്കുമാണ് സർക്കാർ അനുമതി നൽകിയത്. 1280 ഭിന്ന ശേഷിയുള്ള വിദ്യാർഥികളാണ് ഇപ്പോൾ വിവിധ സ്ഥാപനങ്ങളിലായി എത്തുന്നത്. രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ 8 വിദ്യാർഥികൾക്ക് 1 അധ്യാപകനും 15 പേർക്ക് 1 ആയയും എന്ന അനുപാതത്തിലാണ് ജീവനക്കാരുടെ ക്രമീകരണം.
വിദ്യാർഥികൾക്ക് അറിവിനൊപ്പം ഉതകുന്ന കലകൾ, കളികൾ, സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി എന്നിവ നൽകും. മുതിർന്നവർക്ക് തൊഴിൽ വൈദഗ്ദ്യവും നൽകും. പ്രത്യേകം കസേരകൾ, ഉപകരണങ്ങൾ, നടക്കാനും, സംസാരിക്കാനും ബുദ്ധിമുട്ടുന്നവർക്കുള്ള വിവിധ പരിശീലനങ്ങളും നൽകും. ജില്ലാ കുടുംബശ്രീ മിഷനാണ് ജില്ലയിലെ സ്ഥാപനങ്ങളുടെ ഫെസിലിറ്റേഷൻ ചുമതല. ഒരു സെന്ററിൽ ഭിന്നശേഷി ഉള്ള 25 കുട്ടികളുടെ ഉന്നമനമാണ് ലക്ഷ്യമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അനൂപ് കെ.എം. പറഞ്ഞു. ഭക്ഷണം, പഠനം, വാഹന സൗകര്യം എന്നിവ വിദ്യാർഥികൾക്ക് സൗജന്യമാണ്. മൂവാറ്റുപുഴയിൽ 4 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആദ്യഘട്ടം 12.50 ലക്ഷം രൂപ വീതം നൽകി. ഓരോ കുട്ടികളുടേയും കുറവുകളിൽ നിന്ന് അവരെ മുക്തരാക്കാൻ വേണ്ടി ശാസ്ത്രീയമായ ഉപകരണങ്ങളും, ഒപ്പം വിദഗ്ദരായ അധ്യാപകരുടെ സേവനവും ഉറപ്പാക്കുമെന്ന് ജില്ലാ കുടുംബശ്രീ മിഷൻ കോ-ഓർഡിനേറ്റർ രഞ്ജിനി എസ്‌. അറിയിച്ചു. പഞ്ചായത്തുകളാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്. വാളകത്ത് സ്വന്തമായി കെട്ടിടം പണി തീർത്തു. പായിപ്രയിൽ നവംബർ ആദ്യം ഉദ്ഘാടനം നടക്കും.
പാലക്കുഴയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ അധ്യക്ഷത വഹിച്ചു. എൽദോ എബ്രഹാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കെ.എൻ. രമ, ജയ ബിജു, നിബു ജോർജ്, ബിജു മുണ്ടപ്ലാക്കൽ വി.എം. തമ്പി, ജോസ് എൻ.കെ., ബീന സണ്ണി, ജിബി സാബു, ശോഭന മോഹനൻ, അജി പള്ളിത്താഴത്ത് എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!