ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കാൻ കളക്ടറുടെ നിർദ്ദേശം.

 

എറണാകുളം: ജില്ലയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടിമാർക്കു ജില്ലാ കളക്ടർ എസ്. സുഹാസ് നിർദേശം നൽകി. പഞ്ചായത്തു തലങ്ങളിൽ ഇതിനായി സ്‌ക്വാഡുകൾ രൂപീകരിക്കാനും നിരോധനം ലംഘിക്കുന്നവർക്കെതിരിൽ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കാനും കളക്ടർ നിർദ്ദേശം നൽകി.

ജില്ലയിൽ നടന്നു കൊണ്ടിരിക്കുന്ന വിവിധ ശുചിത്വ മാലിന്യ പ്രവർത്തനങ്ങളുടെ നിർവഹണ പുരോഗതി അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം.

തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടിമാർക്കായി ജില്ലാ കളക്ടറിൻ്റെ അധ്യക്ഷതയിൽ നടത്തിയ ഓൺലൈൻ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ശുചിത്വ മാലിന്യ മേഖലയിൽ കൊടുക്കേണ്ട ഇടപെടലുകളെക്കുറിച്ച് സെക്രട്ടിമാരുമായി ചർച്ച നടത്തി. ജില്ലയുടെ പ്രധാന വഴിയോരങ്ങളിൽ ഉപയോഗ യോഗ്യവും ആധുനീക സജ്ജീകരണങ്ങളോടും കൂടെയുള്ള ടോയ്ലറ്റുകൾ നിർമിക്കാനുള്ള ടേക്ക് എ ബ്രേക്ക് പദ്ധതി പുരോഗമിച്ചു വരികയാണ്. സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതും സ്ഥല ലഭ്യതയിൽ പ്രശ്നങ്ങളുള്ളതുമായ പദ്ധതികൾക്ക് മുൻ‌തൂക്കം നൽകി ഇവയുടെ പ്രവർത്തനം ഊർജിതമാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. നിലവിൽ നിർമാണം പൂർത്തിയായവ എത്രയും വേഗം ജനങ്ങൾക്ക് തുറന്നു കൊടുക്കുവാനും തീരുമാനമായി.

ലോക ബാങ്കിന്റെ പദ്ധതിയായ പെർഫോമൻസ് ബേസ്ഡ് ഇൻസെന്റീവ് ഗ്രാന്റ് ഈ സാമ്പത്തിക വര്ഷം തന്നെ ചെലവഴിക്കുന്നതിനുള്ള രൂപ രേഖ തയ്യാറാക്കി. പഞ്ചായത്തുകളിൽ വ്യക്തിഗത ശുചിമുറികളുടെ പുനർനിർമാണങ്ങൾക്ക് മുൻഗണന നൽകിയാണ് ഈ പ്രവർത്തനം ക്രോഡീകരിച്ചിരിക്കുന്നതത്.

ജനുവരി 26 നു മുൻപ് ജില്ലയിലെ ആയിരം ഓഫിസുകളിൽ ഗ്രീൻ പ്രോട്ടോകോൾ ഓഫീസുകൾ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ട പുരോഗതി വിശകലനം ചെയ്തു. പഞ്ചായത്തുകളിൽ ഇതിനായി പ്രത്യേക സമിതികൾ രൂപികരിച്ചു പ്രവർത്തനങ്ങൾ ഏകോപിച്ചിട്ടുണ്ട്. ശുചിത്വ മിഷന്റെയും ഹരിത കേരളം മിഷന്റെയും റിസോഴ്സ് പേഴ്സൺമാരും ഓഫീസുകൾ സന്ദർശിച്ചു ഓഫീസുകളുടെ ഗ്രീൻ പ്രോട്ടോകോൾ വിലയിരുത്തി സർട്ടിഫിക്കറ്റുകൾ നൽകും.

ജില്ലാ വികസന കമ്മീഷണർ അഫ്‌സാന പർവീൺ, ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.വി. മാലതി, ഹരിത കേരളം മിഷൻ കോർഡിനേറ്റർ സുജിത് കരുൺ, ശുചിത്വ മിഷൻ കോർഡിനേറ്റർ പി.എച്ച്. ഷൈൻ എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!