ഓണം ബമ്പര്‍ : ഭാഗ്യശാലി ആരെന്ന് നാളെ അറിയാം

കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന ഓണം ബമ്പര്‍ നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കുതിച്ചു കയറി ടിക്കറ്റ് വില്‍പന. അച്ചടിച്ച അറുപത്തി ഏഴര ലക്ഷം ടിക്കറ്റുകളും വിറ്റുതീരുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്. ഇരുപത്തിയഞ്ച് കോടി രൂപ ഒന്നാം സമ്മാനം നേടുന്ന ഓണം ബമ്പര്‍ ഭാഗ്യശാലിയെ നാളെ അറിയാം. നിയന്ത്രണങ്ങളില്ലാതെ ഓണം ആഘോഷിച്ച മലയാളികള്‍ ഓണം ബമ്പറിനെയും കൈവിട്ടില്ല. 500 രൂപയെന്ന ടിക്കറ്റ് വിലയും ആരെയും പിന്തിരിപ്പിച്ചില്ല. 25 കോടിയെന്ന സ്വപ്ന സമ്മാനത്തിനായി സാമ്പത്തിക സ്ഥിതി നോക്കാതെ ആളുകള്‍ ഭാഗ്യപരീക്ഷണത്തിനിറങ്ങി. അവസാന മണിക്കൂറുകളില്‍ വന്‍ തിരക്കാണ് ലോട്ടറി കടകളില്‍ കാണുന്നത്. ഓണം ബമ്പര്‍ ചോദിച്ച് ആളുകള്‍ സമീപിക്കുന്നത് ചില്ലറ വില്‍പനക്കാര്‍ക്കും ഊര്‍ജമായി. ഇന്നലെ വൈകുന്നേരം വരെ അറുപത്തിമൂന്ന് ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ബാക്കിയുള്ള നാലര ലക്ഷം ടിക്കറ്റുകളും ഇന്ന് വിറ്റ് പോകുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. കഴിഞ്ഞ വര്‍ഷം 12 കോടി രൂപ ഒന്നാം സമ്മാനം നല്‍കിയ മൂന്നൂറ് രൂപയുടെ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്.

 

Back to top button
error: Content is protected !!