ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പള്ളി കൂദാശ ചെയ്തു.

 

പിറവം: പുതിയതായി നിർമ്മിച്ച ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയുടെ കൂദാശ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ ഈവാനിയോസ് നിർവ്വഹിച്ചു. കോടതി വിധിയെ തുടർന്ന് ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പള്ളി നഷ്ടമായതിനെ തുടർന്നാണ് വിശ്വാസികൾ പുതിയ പള്ളി സ്ഥാപിച്ചത്. ആഗസ്റ്റ് 17 നാണ് ജില്ലാ ഭരണകൂടം പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തത്. സെഹിയോൻ സിറിയൻ ട്രസ്റ്റിന്റെ പേരിൽ വാങ്ങിയ 35 സെന്റ് സ്ഥലത്താണ് പുതിയ ദേവാലയം നിർമ്മിച്ചത്. പള്ളിയുടെ മധ്യഭാഗത്ത് സ്ഥാപിച്ച വിളക്കിൽ ദീപം തെളിയിച്ചുകൊണ്ടാണ് മെത്രാപ്പോലീത്ത ശുശ്രൂഷകൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് സന്ധ്യ പ്രാർത്ഥനയും കൂദാശയും നടന്നു. പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവയുടെ തിരുശേഷിപ്പും പ്രത്യേക പേടകത്തിൽ മെത്രാപ്പോലീത്ത പള്ളിയിൽ സ്ഥാപിച്ചു. വികാരി ഫാ.എൽദോ ജോൺ കുറ്റിവേലിൽ, ഫാ.ജോയി ആനക്കുഴി, ഫാ.മനു ബേബി പാലക്കാട്ട്, ഫാ.ബിനു അമ്പാട്ട്, അഡ്വ.അനൂപ് ജേക്കബ് എം.എൽ.എ., ട്രസ്റ്റ് ഭാരവാഹികളായ സാബു നാരേക്കാട്ട്, കെ.കെ. രാജു കൊല്ലംപറമ്പിൽ, ജോയി ജോൺ പ്ലാത്തോട്ടം, ജേക്കബ് ജോൺ കുന്നത്തുരുത്തേൽ എന്നിവർ സംബന്ധിച്ചു.
ഇന്ന് രാവിലെ 7.30 ന് പ്രഭാത പ്രാർത്ഥനയും, 8 ന് മൂന്നിന്മേൽ കുർബ്ബാനയും നടന്നു. മെത്രാപ്പോലിത്തൻ ട്രസ്റ്റി ഡോ.ജോസഫ് മോർ ഗ്രീഗോറിയോസ് മുഖ്യ കാർമികത്വം വഹിച്ചു.

Back to top button
error: Content is protected !!