മാറാടിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഒമിനി വാന്‍ ടൂറിസ്റ്റ് ബസില്‍ ഇടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം

മൂവാറ്റുപുഴ: മാറാടിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഒമിനി വാന്‍ ടൂറിസ്റ്റ് ബസില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഈസ്റ്റ് മാറാടിയില്‍ കെഎസ്ഇബി സബ്‌സ്റ്റേഷന് സമീപം ഇന്ന് പുലര്‍ച്ചെ 12.30യോടെയുണ്ടായ അപകടത്തില്‍ സൗത്ത് മാറാടി പാറത്തട്ടാല്‍ പള്ളിത്താഴത്ത് മുളയാംകുഴിയില്‍(വാത്യാപ്പിള്ളി) തോമസ് കെ റോയി (23)ആണ് മരിച്ചത്. മൂവാറ്റുപുഴയില്‍ നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഒമിനി വാന്‍ നിയന്ത്രണം നഷ്ടപ്പെട്ട് തിരുവന്തപുരത്തുനിന്ന് മൂവാറ്റുപുഴയിലേക്ക് വരുകയായിരുന്ന ടൂറിസ്റ്റ് ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ തോമസിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ പരിക്കേറ്റ നാലു പേരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ തുടര്‍ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ ഒമിനിവാന്‍ പൂര്‍ണ്ണമായും തകര്‍ന്നു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം പിന്നീട് പുത്തന്‍കുരിശ് പൊന്തിക്കോസ്ത് സഭ പള്ളിയില്‍. പിതാവ്: റോയി, മാതാവ്: മിനി. സഹോദരന്‍: റോബിന്‍

 

Back to top button
error: Content is protected !!