വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസ്: പ്രതി ഇളയമകനെന്ന് സ്ഥിതീകരിച്ച് പോലീസ്

മൂവാറ്റുപുഴ: വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ ഇളയമകന്‍ പ്രതിയെന്ന് സ്ഥിതീകരിച്ച് പോലീസ്. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര പരേതനായ ഭാസ്‌കരന്റെ ഭാര്യ കൗസല്യയെ കൊലപ്പെടുത്തിയ കേസില്‍ ഇവരുടെ ഇളയമകന്‍ ജിജോയെ ഇന്നലെ പോലീസ് അറസ്റ്റ്‌ചെയ്തുവെന്ന് മൂവാറ്റുപുഴ ഡിവൈഎസ്പി എ.ജെ തോമസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. കൗസല്യ അവിവാഹിതനായ മൂത്തമകന്‍ സിജോയ്ക്കൊപ്പവും, ജിജോ കുടുംബ സമേതം മറ്റൊരു വീട്ടിലുമാണ് താമസിച്ചിരുന്നത്.

കൊലപാതകത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; ഞായറാഴ്ച രാത്രി 7.30ഓടെയാണ് കൗസല്യയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൗസല്യയെ കിടപ്പുമുറിയിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് മക്കളായ സിജോയും,ജിജോയും പ്രദേശവാസികളെയും ബന്ധുക്കളെയും അറിയിച്ചത്. ഹൃദ്രോഗിയായിരുന്ന കൗസല്യയുടെ മരണകാരണം ഹൃദയാഘാതമാണെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും ആദ്യം കരുതിയത്. തുടര്‍ന്ന് പഞ്ചായത്ത് അംഗം രഹ്ന സോബിന്‍ മരണം സ്ഥിരീകരിക്കുന്നതിനായി കല്ലൂര്‍ക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിച്ചു. ഡോക്ടര്‍ എത്തി കൗസല്യയെ പരിശോധിച്ചപ്പോള്‍ കഴുത്തില്‍ പാടുകളും, രക്തം കട്ടപിടിച്ച പാടും കണ്ടതോടെ കൊലപാതകമാണെന്ന സംശയം ഉയരുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. മക്കളായ സിജോയെയും ജിജോയെയും അന്വേഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന നടത്തിയ ചോദ്യ ചെയ്യലില്‍ പ്രതിയായ ഇളയമകന്‍ കുറ്റം സമ്മതിച്ചു.

അമ്മ ധരിച്ചിരുന്ന 3 പവന്റെ മാലയ്ക്കായാണ് കൊലപാതകം നടത്തിയതതെന്നാണ് ജിജോ പോലീസിന് നല്‍കിയ മൊഴിയെന്ന് മൂവാറ്റുപുഴ ഡിവൈഎസ്പി എ.ജെ തോമസ് പറഞ്ഞു. കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കിയാണ് ജോജോ കൊലനടത്തിയത്. കൊലപാതകത്തിനുപയോഗിച്ച ഷാളും, കൗസല്യയുടെ 3 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയും പോലീസ് കണ്ടെടുത്തു. മൂവാറ്റുപുഴ ഡിവൈഎസ്പി എ.ജെ തോമസിന്റെ നേതൃത്വത്തില്‍ കല്ലൂര്‍ക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ രവി സന്തോഷ്, പോത്താനിക്കാട് ഇന്‍സ്പെക്ടര്‍ സജിന്‍ശശി,കുട്ടമ്പുഴ ഇന്‍സ്പെക്ടര്‍ ഷൈന്‍, അനില്‍കുമാര്‍ സി ബി.,അബ്ദുള്‍ റഹ്‌മാന്‍, ബഷീര്‍, എഡിസണ്‍ മാത്യു, ഗിരീഷ് കുമാര്‍, മുഹമ്മദ് ഹാരിസ്, നൗഷാദ് കെ എം, ജിബി സുജിത്ത്, ബിനു കെ.ആര്‍,അഷ്റഫ് സി.എം,അഫ്സല്‍ കോയ,നൗഫല്‍, ബോബി എബ്രഹാം, എല്‍ദോസ് വര്‍ഗീസ്, തുസാലി, സഫിയ,മനോജ് എം എസ്, ഗിരീഷ് കുമാര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി തുടര്‍നടപടികള്‍ക്കായി കസ്റ്റഡില്‍ വാങ്ങുമെന്നും പോലീസ് അറിയിച്ചു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ട നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. യുകെയിലുള്ള മകള്‍ മഞ്ജു നാട്ടില്‍ എത്തിയതിനു ശേഷമാകും സംസ്‌കാരം.

 

Back to top button
error: Content is protected !!