പായിപ്ര പഞ്ചായത്തില്‍ വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ്: ലീഗ് ഇടഞ്ഞ് തന്നെ, യുഡിഎഫിന് വീണ്ടും നഷ്ടം…?

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തില്‍ വൈസ് പ്രസിഡന്റിനതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്. കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് അംഗവും, 16-ാം വാര്‍ഡ് അംഗവുമായ ഷോബി അനിലിനെതിരെയാണ് എല്‍ഡിഎഫ് പഞ്ചായത്ത് സെക്രട്ടറിക്ക് അവിശ്വാസ നോട്ടീസ് നല്‍കിയത്. പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അംഗം എല്‍ഡിഎഫിന്റെ പിന്തുണയോടെ വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വൈസ് പ്രസിഡന്റിനതിരെ എല്‍ഡിഎഫ് അവിശ്വാസ നോട്ടീസ് നല്‍കിയത്. 11 -11 ആണ് നിലവില്‍ പഞ്ചായത്തിലെ യുഡിഎഫ് -എല്‍ഡിഎഫ് കക്ഷിനില. എന്നാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനം നഷ്ടമായ മുസ്ലീം ലീഗിന്റെ നിലപാട് ഇവിടെ നിര്‍ണ്ണായകമാവും. മൂന്ന് അംഗങ്ങളാണ് മുസ്ലീം ലീഗിനുള്ളത്.

അവസാന രണ്ട് വര്‍ഷം പ്രസിഡന്റ് സ്ഥാനം ലീഗിനെന്നായിരുന്നു യുഡിഎഫിലെ ധാരണ. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ സമയം നടന്ന അട്ടിമറിയില്‍ ലീഗ് സ്ഥാനാര്‍ത്ഥി എം.എസ് അലി പരാജയപ്പെട്ടിരുന്നു. ഇത് കോണ്‍ഗ്രസ്സിന്റെ കൂടി അറിവോടെയാണെന്നായിരുന്നു മുസ്ലീം ലീഗിന്റെ ആരോപണം. ഇതേ തുടര്‍ന്ന് വിഷയത്തില്‍ പരിഹാരമുണ്ടാകുന്നതുവരെ നിയോജക മണ്ഡലത്തില്‍ എല്ലാ യുഡിഎഫ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ട് നില്‍ക്കാന്‍ മുസ്ലീം ലീഗ് തീരുമാനിച്ചിരുന്നു. ഇതിന് പുറമേ പ്രതിഷേധ പരിപാടികളുമായി ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ്സുമായുള്ള മുസ്ലീം ലീഗിന്റെ വിയോജിപ്പ് കഴിഞ്ഞ ദിവസം നടന്ന സമരാഗ്‌നി പ്രക്ഷോഭ യാത്രയുടെ സ്വീകരണ സമ്മേളനത്തിലും പ്രത്യക്ഷമായിരുന്നു.

സാധാരണ ഗതിയില്‍ കോണ്‍ഗ്രസ്സ് സംഘടിപ്പിക്കുന്ന പൊതു പരിപാടികളില്‍ അഭിവാദ്യമര്‍പ്പിക്കാന്‍ മറ്റ് ഘടക കക്ഷികള്‍ എത്തുന്നതാണ് പതിവ്. എന്നാല്‍ സമരാഗ്‌നി പ്രക്ഷോഭ യാത്രയുടെ മൂവാറ്റുപുഴയിലെ സ്വീകരണ സമ്മേളനത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയില്ല. യാത്രക്ക് അഭിവാദ്യവുമായി കേരള കോണ്‍ഗ്രസ്സ് സമ്മേളന വേദിയിലെത്തിയിട്ടും മുസ്ലീംലീഗ് വിട്ട് നിന്നത് പ്രാദേശിക രാഷ്ട്രീയത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

വിട്ടുവീഴ്ചക്ക് തയ്യാറായി മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന് പോവാന്‍ ലീഗ് തയ്യാറാവാത്ത സാഹചര്യത്തില്‍, യുഡിഎഫിന്റെ ശക്തരായ രണ്ട് ഘടക കക്ഷികളെ തമ്മില്‍ സമവായത്തിലെത്തിക്കാന്‍ എംഎല്‍എ ശ്രമിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രത്യക്ഷത്തില്‍ തന്നെ വിയോജിപ്പ് പ്രകടമാക്കുന്ന ലീഗുമായി സമവായത്തിലത്തൊന്‍ സാധിച്ചില്ലെങ്കില്‍ വന്‍ തിരിച്ചടിയായിരിക്കും യുഡിഎഫിന് നേരിടേണ്ടി വരിക. പായിപ്ര പഞ്ചായത്തില്‍ 11 അംഗങ്ങളുള്ള യുഡിഎഫിന് നല്‍കിയിരുക്കുന്ന പിന്തുണ ലീഗ് പിന്‍വലിച്ചാല്‍ അംഗബലം 8ലേക്ക് ചുരുങ്ങപ്പെടും. ഇതോടെ പ്രസിഡന്റ് സ്ഥാനത്തിന് പുറമേ വൈസ് പ്രസിഡന്റ് സ്ഥാനവും യുഡിഎഫിന് നഷ്ടപ്പെടുമെന്നതില്‍ തര്‍ക്കമില്ല.

 

Back to top button
error: Content is protected !!