പടിയിറങ്ങുമ്പോഴും കരുതലിൻ്റെ പാഠപുസ്തകമായി തർബിയത്തിന്റെ ജോർജ് മാഷ്

 

മൂവാറ്റുപുഴ:തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ആൻറ് ഹയർ സെക്കന്ററി സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം ഫിസിക്സ് അധ്യാപകനായ ജോർജ് കെ ജേക്കബ്ബ്
ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിവസങ്ങളിലും നിർധനരായ വിദ്യാർത്ഥികൾക്ക് കരുതലിൻ്റെ തണലേകുകയാണ്. മുപ്പത്തിയൊന്ന് വർഷത്തെ സേവനത്തിനു ശേഷം ഈ 31 ന് സർവ്വീസിൽ നിന്ന് വിരമിക്കുകയാണ് ജോർജ് മാഷ്. വിദ്യാലയത്തിലെ കുട്ടികളുടെ സാമ്പത്തിക പരാധീനതകൾ വ്യക്തമായി അറിയാവുന്ന അദ്ദേഹം സ്കൂൾ മാനേജർ ടി.എസ് അമീറുമായി കൂടിയാലോചിച്ച്
ഈ കോവിഡ് കാലത്ത്
പ്രതിസന്ധിയിലായ കുട്ടികൾക്കായി ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റുകൾ
വിതരണം ചെയ്യുവാൻ തീരുമാനിച്ചു.അതിനാവശ്യമായ തുക സ്കൂളിൽ
പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിലെ വോളണ്ടിയർമാർക്ക് കൈമാറുകയും ചെയ്തു.

വിതരണത്തിനായി തയ്യാറാക്കിയ ഭക്ഷ്യധാന്യ കിറ്റുകൾ
ഇടുക്കി എം.പി ഡീൻ കുര്യക്കോസിൽ നിന്നും എൻ.എസ്.എസ് വോളന്റിയറായ മാസ്റ്റർ ഉസ്മാൻ തങ്ങൾ ഏറ്റുവാങ്ങി. സാമൂഹിക അകലം പാലിച്ചു കൊണ്ടു നടന്ന ചടങ്ങിൽ ജോർജ് കെ.ജേക്കബ്ബ് , പ്രിൻസിപ്പാൾ ജൂലി ഇട്ടിയേക്കാട്ട്,പി.ടി.എ പ്രസിഡൻറ് കബീർ പൂക്കടശ്ശേരി,അധ്യാപകനായ ജെൻസ് മാത്യു എന്നിവർ സന്നിഹിതരായിരുന്നു. ഈ കിറ്റുകൾ വരും ദിവസങ്ങളിൽ എൻ.എസ്.എസ് വോളണ്ടിയർമാർ
അർഹതപ്പെട്ട കുട്ടികളുടെ വീടുകളിൽ എത്തിക്കും.

2018 ലും 2019ലും ഉണ്ടായ പ്രളയാനന്തര പ്രവർത്തനങ്ങളിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന ചെയ്തിട്ടുള്ള ജോർജ് മാഷ് തൻ്റെ റിട്ടയർമെൻ്റ് സമയത്തും കുട്ടികൾക്ക് പുതിയ പാഠം പകർന്നു നൽകുകയാണ്.
പരസ്പരം ഉണ്ടാവേണ്ട കരുതലിൻ്റ പാഠം. മനുഷ്യത്വത്തിൻ്റെ പ്രാഥമിക പാഠം.

Back to top button
error: Content is protected !!