തെരുവു നായ്ക്കൾക്ക് ഭക്ഷണം നൽകി മൂവാറ്റുപുഴ നഗരസഭ.

മൂവാറ്റുപുഴ: ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് ഭക്ഷണം കിട്ടാതെ വലയുന്ന നായ്ക്കൾക്കും മറ്റു മൃഗങ്ങൾക്കുമായി ഭക്ഷണം എത്തിച്ചു നൽകി മൂവാറ്റുപുഴ നഗരസഭ. ലോക്ക് ഡൗണിനെ തുടർന്ന് ദുരിതത്തിലായ തെരുവിലെ മനുഷ്യർക്കു നേരെ മാത്രമല്ല മൃഗങ്ങൾക്കു നേരെ കൂടി സഹായ ഹസ്തങ്ങൾ നീട്ടി മാതൃകയാവുകയാണ് നഗരസഭ. പ്രദേശത്തെ മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണം ദയ ആനിമൽ വെൽഫെയർ ഓർഗനൈസേഷന് നഗരസഭാ അധികൃതർ കൈമാറി. ഓർഗനൈസേഷൻ കോഡിനേറ്റർ അമ്പിളി പുളിക്കൽ, മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരനിൽ നിന്നും മൃഗങ്ങൾക്ക് ആവശ്യമായ ഡ്രൈ ഫുഡ് കിറ്റുകൾ ഏറ്റുവാങ്ങി. നഗരസഭാ സെക്രട്ടറി റ്റി.പി. കൃഷ്ണരാജ്, ഹെൽത്ത് ഇൻസ്പെക്ടർ ഇൻചാർജ് വിൻസെന്റ് എന്നിവരും പങ്കെടുത്തു. ഭക്ഷണം കിട്ടാതായതോടെ തെരുവ് മൃഗങ്ങൾ വളർത്തുമൃഗങ്ങളെ ഉപദ്രവിക്കുന്നത് പതിവായതോടെ ആണ് നഗരസഭ ഇത്തരത്തിലൊരു തീരുമാനമെടുത്തത്. നഗരസഭാ പരിധിയിലുള്ള എല്ലാ മൃഗങ്ങൾക്കും രണ്ടു നേരത്തെ ഭക്ഷണം എത്തിക്കുന്നതാണ് പദ്ധതി. ഭക്ഷണം കിട്ടാതെ ഏതെങ്കിലും പ്രദേശത്ത് മൃഗങ്ങൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് കണ്ടാൽ നഗരസഭയെ അറിയിക്കണമെന്നും ചെയർപേഴ്സൺ ഉഷ ശശിധരൻ കൂട്ടിച്ചേർത്തു.

Back to top button
error: Content is protected !!