കിണറിനുള്ളിൽ തോട്ട പൊട്ടി രണ്ടു പേർക്ക് ഗുരുതര പരിക്ക്.

വാഴക്കുളം: കല്ലൂർക്കാട് തഴുവംകുന്ന് ഭാഗത്ത് കിണറിനുള്ളിൽ തോട്ട പൊട്ടി രണ്ടു പേർക്ക് ഗുരുതര പരിക്ക്. പുതിയതായി നിർമിക്കുന്ന കിണറിലെ പാറ പൊട്ടിക്കുന്നതിനിടയ്ക്കാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് 4.30 ന് പെരിക്ക് എന്ന സ്ഥലത്ത് 40 അടി താഴ്ച്ചയിൽ കിണറിനുള്ളിൽ കമ്പ്രസർ ഉപയോഗിച്ച് കുഴിച്ചുകൊണ്ടിരിക്കുമ്പോൾ പാറ പൊട്ടിത്തെറിച്ചാണ് അപകടം. ആദ്യം തോട്ട വച്ച് പൊട്ടിച്ച ശേഷം കിണറിലിറങ്ങി കമ്പ്രസർ പ്രവർത്തിപ്പിക്കുമ്പോൾ ആദ്യം പൊട്ടാതിരുന്ന തോട്ട പൊട്ടുകയായിരുന്നെന്നാണ് സംശയിക്കുന്നത്. തഴുവംകുന്ന് മുണ്ടയ്ക്കൽ സന്തോഷ് (28), ഞറുക്കുറ്റി സ്വദേശി സുകുമാരൻ (50 )എന്നിവർക്കാണ് പരിക്കേറ്റത്. സന്തോഷിന്റെ കൈകൾ തകർന്ന നിലയിലാണ്.സുകുമാരനെ പുറത്തെടുക്കുമ്പോൾ അബോധാവസ്ഥയിലായിരുന്നു.
കല്ലൂർക്കാട് അഗ്നി രക്ഷാ നിലയത്തിൽ നിന്നും സേന എത്തി കിണറ്റിൽ അകപ്പെട്ട് ഗുരുതരമായി പരിക്കു പറ്റിയ രണ്ട് പേരേയും വല ഉപയോഗിച്ച് പുറത്തെടുത്ത് തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് കല്ലൂർക്കാട് അഗ്നി രക്ഷാ നിലയത്തിലെ വി.പി സന്തോഷ് കുമാർ, സാജൻ വർഗീസ്
പി.ബി യാക്കൂബ് തുടങ്ങിയവർ നേതൃത്വം നൽകി.
ഫോട്ടോ: തഴുവംകുന്നിൽ കിണറിനുള്ളിൽ അപകടത്തിൽ പെട്ടവർക്കായി അഗ്നിരക്ഷാ സേന രക്ഷാപ്രവർത്തനം നടത്തുന്നു.

Back to top button
error: Content is protected !!