കടുത്ത വേനലിൽ ആശ്വാസമായി ബിജോയിയുടെ കുടിവെള്ള വിതരണം.

കോതമംഗലം: കടുത്ത വേനലിൽ സമീപവാസികൾക്ക് ആശ്വാസമായി ബിജോയിയുടെ കുടിവെള്ള വിതരണം. സ്വന്തം കിണറ്റിൽ നിന്ന് നാട്ടുകാർക്ക് ശുദ്ധജലം നൽകി മാതൃകയായിരിക്കുകയാണ് ഈ കുടുംബം. നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂര്‍ മേലേപ്പീടികയിൽ പെരിങ്ങാട്ടുകുടിയിൽ ബിജോയിയും കുടുംബവുമാണ് ഈ സത്കർമ്മത്തിലൂടെ അനേകർക്ക് വേനലിൽ ആശ്വാസമായിരിക്കുന്നത്. റോഡ് വക്കിൽ സ്ഥാപിച്ചിരിക്കുന്ന പൊതു ടാപ്പിലൂടെയാണ് സമീപവാസികൾക്ക് കിണറിലെ ജലം നൽകുന്നത്. സ്വന്തം കിണറില്‍നിന്നും വാട്ടര്‍ടാങ്കിലേക്ക് പമ്പ് ചെയ്യുന്ന വെള്ളമാണ് ടാപ്പിലെത്തിച്ച് നാട്ടുകാര്‍ക്ക് അവരുടെ ആവശ്യാർത്ഥം ലഭ്യമാക്കുന്നത്. വൈകുന്നേരങ്ങളിലാണ് നാട്ടുകാര്‍ സൗകര്യം കൂടുതലായും പ്രയോജനപ്പെടുത്തുന്നത്. അന്‍പത് വര്‍ഷത്തോളമായി ബിജോയിയുടെ പുരയിടത്തിലെ കിണറില്‍ നിന്ന് പ്രദേശവാസികള്‍ വെള്ളമെടുക്കുന്നുണ്ട്. റോഡില്‍നിന്നും കുറച്ച് മാറിയുള്ള കിണറിൽ നിന്നും നാട്ടുകാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി വെളളമെടുക്കാൻ കഴിയുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് വര്‍ഷം മുമ്പ് പൊതുടാപ്പ് സ്ഥാപിച്ചത്. വേനൽക്കാലത്ത് കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ഈ പ്രദേശത്ത് , വാട്ടര്‍ അതോറിറ്റിയുടെ കൃത്യത ഇല്ലായ്മ മൂലം കഷ്ടപ്പെടുന്ന നാട്ടുകാർക്ക് ആശ്വാസമേകുന്ന പ്രവർത്തിയാണ് എന്ന് വാർഡ് മെമ്പർ മൃദുല ജനാര്‍ദ്ദനന്‍ ഉൾപ്പെടെ നാട്ടുകാരും സന്തോഷത്തോടെ അഭിപ്രായപ്പെടുന്നു.

ഫോട്ടോ….ചെറുവട്ടൂർ മേലേപ്പീടികയിൽ
പെരിങ്ങാട്ടുകുടിയില്‍ ബിജോയിയും കുടുബവും സ്വന്തം കിണറ്റിൽ നിന്നും വെള്ളം എത്തിച്ച് നാട്ടുകാർക്കാർക്കായി നിർമ്മിച്ച് നൽകിയിട്ടുള്ള പൊതു ടാപ്പിൽ നിന്നും സമീപവാസികൾ വെള്ളം ശേഖരിക്കുന്നു.

Back to top button
error: Content is protected !!