നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ

മൂവാറ്റുപുഴ നഗര ശുചിത്വം ഉറപ്പാക്കുന്നതിന് ബഹുമുഖ കർമ്മ പദ്ധതിക്ക് രൂപം നൽകുമെന്ന് ചെയർമാൻ പി.പി. എൽദോസ്.

.മൂവാറ്റുപുഴ: നഗര ശുചിത്വം ഉറപ്പാക്കുന്നതിന് ബഹുമുഖ കർമ്മ പദ്ധതിക്ക് രൂപം നൽകുമെന്ന് ചെയർമാൻ പി.പി. എൽദോസ്.
ഹൃസ്വ കാലയളവിൽ പൂർത്തിയാകേണ്ടതും ദീർഘ കാലം വേണ്ടിവരുന്നതുമായ പ്രവർത്തനമാണ് ഇതിനായി നടപ്പാക്കുക. നഗരം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായ മാലിന്യ സംസ്കരണത്തിന് ഈ കൗൺസിലിന്റെ കാലത്ത് ശാശ്വത പരിഹാരം ഉണ്ടാക്കും. ഇതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. തദ്ദേശ വാസികളുടെ പിന്തുണയോടെയാകും ഡംമ്പിങ് യാർഡ് നവീകരിക്കുക. മാലിന്യ സംസ്കരണവും പ്ലാന്റ് നവീകരണവും സമയം എടുത്തു നടപ്പാക്കേണ്ട പദ്ധതികളാണ്. നഗരം വൃത്തിയായി സൂക്ഷിക്കുന്നതിന് കർശന നടപടികൾക്കും തുടക്കം കുറിച്ചു. അനധികൃതമായി മാലിന്യം നിരത്തിൽ വലിച്ചെറിയുന്നവർക്ക് എതിരെ കനത്ത പിഴ ഈടാക്കും. വിവാഹം അടക്കമുള്ള ചടങ്ങുകൾക്ക് ശേഷം പുറംതള്ളുന്ന മാലിന്യങ്ങൾ നിരത്തിൽ നിക്ഷേപിക്കാൻ അനുവദിക്കില്ല, പുഴ മലിനമാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിനായി നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും സംയുക്ത സ്ക്വാർഡിന് രൂപം നൽകും. അനധികൃത മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിന് നഗര അതിർത്തിയിൽ സ്ഥാപ്പിച്ചിരിക്കുന്ന സി.സി.ടി.വി. ക്യാമറകളിൽ പ്രവത്തനക്ഷമമല്ലാത്തവ ഉടൻ അറ്റകുറ്റ പണികൾ നടത്തും. നിലവിൽ കൂടുതലായി മാലിന്യ നിക്ഷേപം കണ്ടുവരുന്ന പ്രദേശങ്ങളിൽ കൂടുതൽ സി.സി.ടി.വി. കാമറകൾ സ്ഥാപിക്കും. ഇവ സമയബന്ധിതമായി പരിശോധിച്ച് മാലിന്യം തള്ളുന്നവരെ കണ്ടെത്തി പിഴ ഈടാക്കും. തുടർന്നും ആവർത്തിച്ചാൽ നിയമ നടപടിക്ക് വിധേയമാക്കും. നഗരത്തിലെ റോഡ് വക്കുകളും പൊതുസ്ഥലങ്ങളും ശുചീകരിക്കുന്നതിനു കൂടുതൽ തൊഴിലാളികളെ നിയമിക്കും. വാർഡുകൾ തോറും ഗ്രീൻ ക്യാമ്പയിൻ നടപ്പാക്കും. ഇതിനായി നഗരസഭാ കൗൺസിലർമാരുടെ നേതൃത്വത്തിൽ സാമൂഹിക-സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ തദ്ദേശ്ശവാസികളെ അണിനിരത്തി വാർഡ് തല ജാഗ്രതാസമിതികൾ രൂപീകരിച്ച് ക്യാമ്പയിൻ സംഘടിപ്പിക്കും. ജൈവ -അജൈവ മാലിന്യങ്ങൾ തരം തിരിച്ചു ശേഖരിച്ചു വരുന്നത് ഊർജ്ജിതമാക്കും. ഹോട്ടലുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ ഓടയിൽ ഒഴുക്കുന്നത് കർശ്ശനമായി തടയുമെന്നും ചെയർമാൻ വ്യക്തമാക്കി. വൈസ് ചെയർപേഴ്സൺ സിനി ബിജു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി.എം. അബ്‌ദുൾസലാം, അജി മുണ്ടാട്ടു, ജോസ് കുര്യാക്കോസ്, നിസ്സ അഷറഫ്, രാജശ്രീ രാജു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Back to top button
error: Content is protected !!
Close