പേഴയ്ക്കാപ്പിള്ളി സബൈൻ ആശുപത്രിക്ക് സമീപത്തെ വാടകവീട്ടിൽ മോഷണം നടത്തിയ പ്രതിയെ മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു

മുവാറ്റുപുഴ:പേഴയ്ക്കാപ്പിള്ളി സബൈൻ ആശുപത്രിക്ക് സമീപത്തെ വാടകവീട്ടിൽ മോഷണം നടത്തിയ പ്രതിയെ മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് അമ്പലവയൽ വികാസ് കോളനിയിൽ താമസിക്കുന്ന താന്നിക്കൽ വീട്ടിൽ അബ്ദുൽ  ആബിദ്   (27) ആണ് അറസ്റ്റിലായത്.കഴിഞ്ഞ നാലാം തീയതി പുലർച്ചെയായിരുന്നു സംഭവം. കണ്ണൂർ സ്വദേശിയായ ഡോക്ടറും കുടുംബവും വാടകക്ക് താമസിക്കുന്ന വീട്ടിൽ കയറി, ഉറങ്ങി കിടന്ന കുട്ടികളുടെ കഴുത്തിലെ മൂന്ന് പവനോളം തൂക്കം വരുന്ന രണ്ടുമാലയും മൊബൈൽ ഫോണുമാണ് മോഷ്ട്ടിച്ചത്.
റൂറൽ ജില്ല പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ തൊടുപുഴയിൽ നിന്ന് പിടികൂടിയത്. വിവിധ കേസുകളിൽ ശിക്ഷ ലഭിച്ച ശേഷം ഈ വർഷം ജനുവരിയിൽ ജയിലിൽ നിന്നും ഇറങ്ങിയ പ്രതി തൊടുപുഴയിലെ വസ്ത്ര വ്യാപാരസ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. രാത്രിയിൽ ടർഫിൽ ഫുട്ബോൾ കളിക്കാൻ എന്ന വ്യാജേന പുറത്ത് ഇറങ്ങിയാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. സ്ഥിരം മോഷ്ടാവായ പ്രതിക്കെതിരെ വയനാട്, സുൽത്താൻ ബത്തേരി, വൈത്തിരി, അമ്പലവയൽ, കൊണ്ടോട്ടി, കൽപ്പറ്റ, എറണാകുളം സെൻട്രൽ, എന്നീ പോലീസ് സ്റ്റേഷനുകളിൽ കവർച്ചക്ക് കേസുകൾ നിലവിലുണ്ട്.
ബാംഗ്ലൂർ എയർപോർട്ടിൽ കാർഗോ സ്റ്റാഫ്‌ ആയി ജോലി ചെയ്യുകയാണെന്ന് പ്രതി തന്റെ നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നു. തൊടുപുഴ ടൗണിൽ വിവിധ ഇടങ്ങളിൽ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്. തന്റെ കാമുകിമാർക്ക് ഗിഫ്റ്റ് വാങ്ങി നൽകുന്നതിലും ആഡംബരജീവിതം നയിക്കുന്നതിനും വേണ്ടിയാണ് പ്രതി മോഷണം നടത്തി വന്നിരുന്നത്. സ്വന്തം നാട്ടിൽ പോയി വരുന്ന വഴിയിൽ ട്രെയിനിൽ മോഷണം നടത്തുന്നതും ഇയാളുടെ രീതിയാണ്. പ്രതിയുടെ താമസസ്ഥലത്തു നിന്ന് 15 ആഡംബര മൊബൈൽ ഫോണുകൾ, ലാപ്ടോപ്, പേഴ്സ്, ടാബ്ലറ്റ് എന്നിവ പോലീസ് കണ്ടെടുത്തു. പ്രതി സ്ഥിരമായി മോഷണമുതലുകൾ നൽകുന്ന മൊബൈൽ ഷോപ്പുകൾക്കെതിരെയും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
മുവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, പോലീസ് ഇൻസ്പെക്ടർ സി ജെ മാർട്ടിൻ, എസ് ഐ വികെ ശശികുമാർ, എ എസ് ഐ രാജേഷ് സിഎം, ജയകുമാർ പി സി, സി പി ഓ ബിബിൽ മോഹൻ തുടങ്ങിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Back to top button
error: Content is protected !!