മൂവാറ്റുപുഴ കോതമംഗലം ബൈപാസുകള്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് എം എല്‍ എ മാരുടെ നിവേദനം.

മൂവാറ്റുപുഴ: ദേശീയപാത 85-ല്‍ മൂവാറ്റുപുഴ, കോതമംഗലം ബൈപ്പാസുകള്‍ യാഥാര്‍ഥ്യമാക്കണമെന്ന് എംഎല്‍എ.മാരായ എല്‍ദോ എബ്രഹാം, ആന്റണി ജോണ്‍ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. ദേശീയ പാത 85-ല്‍ കടാതിയില്‍ നിന്നും ആരംഭിച്ച് കാരകുന്നത്ത് അവസാനിക്കുന്ന 4-കിലോമീറ്റര്‍ വരുന്ന മൂവാറ്റുപുഴ ബൈപാസും മാതിരപ്പിള്ളിയില്‍ നിന്ന് ആരംഭിച്ച് കോഴിപ്പിള്ളിയില്‍ അവസാനിക്കുന്ന 3.5-കിലോമീറ്റര്‍ വരുന്ന കോതമംഗലം ബൈപാസും യാഥാര്‍ത്ഥ്യമാക്കമമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയത്. 30-വര്‍ഷം മുമ്പ് 30-മീറ്റര്‍ വീതിയില്‍ ദേശീയ പാത അതോറിറ്റി അളന്ന് കല്ലിട്ട ബൈപാസിന് പുതിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാന പ്രകാരം 45-മീറ്റര്‍ വീതിയാണ് ആവശ്യമായി വരുന്നത്. പദ്ധതിയ്ക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് മാത്രം 700-കോടിയോളം രൂപ ആവശ്യമായി വരും. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഭൂമി ഏറ്രെടുക്കുന്നതിന്റെ പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നാണ് നിര്‍ദ്ദേശം. പദ്ധതിക്കാവശ്യമായ ഭൂമിയുടെ 50 % ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നാവശ്യപ്പെട്ടാണ് എം.എല്‍.എ.മാര്‍ കത്ത് നല്‍കിയത്. പതിറ്റാണ്ടുകള്‍ ആയിട്ടുള്ള ജനങ്ങളുടെ കാത്തിരിപ്പിന് പരിഹാരം കാണണമെന്നും ഭൂഉടമകളുടെ ആശങ്ക പരിഹരിക്കണമെന്നും കിഴക്കന്‍ മേഖലയുടെ സമഗ്രവികസനത്തിന് പദ്ധതി സഹായകരമാകുമെന്നും വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് എം.എല്‍.എ മാരായ എല്‍ദോ എബ്രഹാമും ആന്റണി ജോണും മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത്.

Back to top button
error: Content is protected !!