പെരിയാര്‍വാലി മുളവൂര്‍ ബ്രാഞ്ച് കനാലിലെ മാലിന്യം; പ്രതിഷേധ ജ്വാല തെളിയിച്ച് നാട്ടുകാര്‍……………………

 

മൂവാറ്റുപുഴ: പെരിയാര്‍വാലി മുളവൂര്‍ ബ്രാഞ്ച് കനാലിലെ മുളവൂര്‍ പൊന്നിരിക്കപ്പറമ്പില്‍ മാലിന്യങ്ങള്‍ അടിഞ്ഞ് കൂടി പ്രദേശവാസികള്‍ നേരിടുന്ന ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല തെളിയിച്ചു. . തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം മാധ്യമ പ്രവര്‍ത്തകന്‍ ശ്യാംകുമാര്‍ ഉദ്ഘാടനം ചെയ്യ്തു.പെരിയാര്‍ വാലി മുളവൂര്‍ ബ്രാഞ്ച് കനാലിലെ പായിപ്ര ഗ്രാമപഞ്ചായത്ത് മുളവൂര്‍ അഞ്ചാം വാര്‍ഡിലെ പൊന്നിരിക്കപറമ്പ് ഭാഗത്താണ് മാലിന്യങ്ങള്‍ അടിഞ്ഞ് കൂടി പ്രദേശവാസികള്‍ക്ക് ദുരിതമായിരിക്കുന്നത്. പെരിയാര്‍ വാലി കനാലിലെ ആരംഭം മുതലുള്ള മുഴുവന്‍ മാലിന്യങ്ങളും ഒഴുകി വന്ന് അടിഞ്ഞ് ചേരുന്ന മുളവൂര്‍ ബ്രാഞ്ച് കനാലിലെ പൊന്നിരിക്കപ്പറമ്പിലാണ്. ഇതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ ജീവിതം ദുരിതമായതോടെ പ്രദേശവാസികള്‍ മുഖ്യമന്ത്രിയ്ക്കും, പെരിയാര്‍വാലി ഉന്നത ഉദ്യോഗസ്ഥര്‍ക്കും തദ്ദേശസ്വയം ഭരണ സ്ഥാപന ഭരണാധികാരികള്‍ക്കും, പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പെരിയാര്‍വാലിയുടെ മുളവൂര്‍ ബ്രാഞ്ച് കനാലില്‍ വെള്ളം തുറന്ന് വിടുന്ന പ്രദേശത്ത് നിന്നും ആരംഭിച്ച് പെന്നിരിക്കപ്പറമ്പിന് സമീപം കനാലില്‍ മുഴുവന്‍ മാലിന്യങ്ങളും അടിഞ്ഞ് കൂടുന്നത്. ഇതേ തുടര്‍ന്ന് സമീപ വാസികള്‍ ദുര്‍ഗന്ധം മൂലം ശ്വാസംമുട്ടി ജീവിക്കേണ്ട ഗതികേടിലും മാറാരോഗങ്ങള്‍ക്ക് വഴിയാധാരമായി ജീവിതം ഹോമിക്കേണ്ടി വരുമോയെന്ന ഭീതിയിലുമാണ്. നെല്ലിക്കുഴി മുതലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും അറവ് മാലിന്യങ്ങളും മത്സ്യ കടകളില്‍ നിന്നുള്ള മാലിന്യങ്ങളും വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ചാക്കുകളില്‍ നിറച്ച മാലിന്യങ്ങളും വിവാഹ വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളെല്ലാം ഒഴുകിയെത്തി ഇവിടെയാണ് അടിഞ്ഞ് കൂടുന്നത്.നൂറുകണക്കിന് ജനങ്ങള്‍ കുടിവെള്ളത്തിനും ആയിരക്കണക്കിന് ഹെക്ടര്‍ കൃഷിയ്ക്കും ഉപയോഗിക്കുന്ന കനാല്‍ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിട്ടും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലന്ന് നാട്ടുകാര്‍ ആരോപിച്ചു. നെല്ലിക്കുഴി പഞ്ചായത്തിന്റെ അതിര്‍ത്തിയിലും പായിപ്ര പഞ്ചായത്തിലെ കനാലില്‍ വിവിധ ഭാഗങ്ങളില്‍ നിശ്ചിത ദൂരത്തില്‍ ഇരുമ്പ് നെറ്റ് സ്ഥാപിക്കണമെന്നും കനാലില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു…………………..

 

ചിത്രം- മുളവൂര്‍ ബ്രാഞ്ച് കനാലിലെ പൊന്നിരിക്കപ്പറമ്പില്‍ മാലിന്യം പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല തൈളിയിച്ചപ്പോള്‍…………………………………

Back to top button
error: Content is protected !!