മുടവൂർ പാടശേഖരം കൃഷിക്ക് അനുയോജ്യമാക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു.

 

മൂവാറ്റുപുഴ: 25 വർഷത്തോളം കൃഷി ചെയ്യാതെ കിടന്നിരുന്ന മുടവൂർ പാടശേഖരം കൃഷിക്ക് അനുയോജ്യമാക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. തോട് നവീകരണത്തിനായി പായിപ്ര പഞ്ചായത്ത് നീക്കിവച്ച 10 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾക്കാണ് 150 ഏക്കറിലധികം വരുന്ന പാടശേഖരത്ത് തുടക്കമിട്ടത്. കാടുകയറിയും, മാലിന്യം നിറഞ്ഞും, തോട് ഇല്ലാതായും, വരമ്പുകൾ നഷ്ടപ്പെട്ടും കിടക്കുന്ന അവസ്ഥയിലാണ് മുടവൂർ പാടശേഖരം. വെള്ളക്കെട്ടും, കൃഷി നാശവും മൂലം നഷ്ടത്തിലായ 200-ൽ അധികം കർഷകർ നെൽകൃഷി ഉപേക്ഷിക്കുകയായിരുന്നു. കോവിഡ് കാലത്ത് നാട് നേരിടുന്ന ഭക്ഷ്യ പ്രതിസന്ധിയുടെ ആഴം കർഷകരുടെ യോഗം വിളിച്ച് ചേർത്ത് ബോധ്യപ്പെടുത്തി. 3 വർഷത്തേക്ക് സമ്മതപത്രം നൽകിയാണ് ഇപ്പോൾ കൃഷി തുടങ്ങുന്നത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാർഷിക മേഖലയിൽ ഊന്നൽ നൽകി വിവിധ പദ്ധതികൾ പഞ്ചായത്ത് ആവിഷ്കരിച്ചിട്ടുണ്ട്.
തരിശുരഹിത മൂവാറ്റുപുഴ പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലത്തിൽ 300 ഏക്കർ സ്ഥലത്ത് മുണ്ടകൻ കൃഷി നടക്കുമെന്ന് എൽദോ എബ്രഹാം എം.എൽ.എ. അറിയിച്ചു. ഇതിനകം 22 പാടശേഖര സമിതി യോഗങ്ങൾ ചേർന്നു. കൃഷി വകുപ്പിന്റെ വിവിധ ആനുകൂല്യങ്ങൾ കർഷകർക്ക് ലഭ്യമാക്കും, ഒപ്പം കർഷക ഗ്രൂപ്പുകൾക്കായി ദേശസാത്കൃത ബാങ്കുകൾ വഴി വായ്പകളും ഉറപ്പാക്കും. യുവാക്കൾ കൂടുതൽ കാർഷിക മേഖലയിലേക്ക് കടന്നു വരുന്നത് പ്രതീക്ഷ നൽകുകയാണ്. പാടശേഖരത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ.ഏലിയാസ് അധ്യക്ഷത വഹിച്ചു. എൽദോ എബ്രഹാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എൻ. അരുൺ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ. അനിൽ, പഞ്ചായത്തംഗം കെ.ഇ. ഷിഹാബ്, എ ഡി.എ. ടാനി തോമസ്, കൃഷി ഓഫീസർ രശ്മി എം.ബി, കെ.പി. ജോയി, ശ്രീധരൻ തണ്ടേൽ എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!