മികച്ച പൊതുഗതാഗത സംവിധാനം ഒരുക്കുകയാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം: മന്ത്രി ആന്റണി രാജു

കൊച്ചി: നോര്‍ത്ത് പറവൂര്‍ യാത്രാ ഫ്യുവല്‍സ് ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തു. ലാഭമുണ്ടാക്കുകയല്ല, മറിച്ച് സംസ്ഥാനത്തു മികച്ച പൊതുഗതാഗത സംവിധാനം ഒരുക്കുകയാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യമെന്ന് ഗതാഗതവകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ നൂതന സംരംഭമായ യാത്രാ ഫ്യുവല്‍സ് ഔട്ട്‌ലെറ്റ് നോര്‍ത്ത് പറവൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണമേന്മയുള്ളതും കൃത്യമായ അളവു തൂക്കത്തിലും കലര്‍പ്പില്ലാത്തതുമായ പ്രെട്രോളിയം ഉല്‍പ്പന്നങ്ങളാണ് ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും കെഎസ്ആര്‍ടിസിയുടെയും സംയുക്ത സംരംഭമായ റീട്ടെയ്ല്‍ ഫ്യൂവല്‍ ഔട്ട്ലെറ്റുകളില്‍ നിന്നു ലഭ്യമാകുകയെന്ന് മന്ത്രി പറഞ്ഞു. കോര്‍പ്പറേഷന്റെ പുനരുദ്ധാരണ പദ്ധതിയായ ‘കെഎസ്ആര്‍ടിസി റീ സ്ട്രക്ചര്‍ 2.0’വില്‍ വിഭാവനം ചെയ്തിട്ടുള്ള ഈ പദ്ധതി ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. കേന്ദ്ര പൊതുമേഖലയിലുള്ള എണ്ണക്കമ്പനികളുമായി ചേര്‍ന്ന് സംസ്ഥാനത്തുടനീളം 75 റീട്ടെയ്ല്‍ ഔട്ട്ലെറ്റുകളാണു സ്ഥാപിക്കുന്നത്. ഭാവിയില്‍ ഹരിത ഇന്ധനങ്ങളായ സി.എന്‍.ജി, എല്‍.എന്‍.ജി, ഇലക്ട്രിക് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയും ഈ ഔട്ട്ലെറ്റുകള്‍ വഴി ലഭ്യമാകും. ഒന്‍പതാമത്തെ ഔട്ട്ലെറ്റാണ് നോര്‍ത്ത് പറവൂരിലേത്. കേരളത്തിലെ പൊതുഗതാഗത രംഗത്ത് എന്ന പോലെ ഇന്ധന വിതരണ രംഗത്തും കെഎസ്ആര്‍ടിസി യാത്രാ ഫ്യൂവല്‍സിനെ ഒരു പ്രമുഖ ശക്തിയായി വളര്‍ത്തിയെടുക്കുകയാണു ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ഏക സംസ്ഥാനമാണ് കേരളം. 11 വര്‍ഷം മുടങ്ങി കിടന്ന ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയ സര്‍ക്കാരാണിത്. കെഎസ്ആര്‍ടിസിയെ നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എല്ലാ മാസവും അഞ്ചാം തീയതി ക്കുള്ളില്‍ ശമ്പളം നല്‍കാനുള്ള ക്രമീകരണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഗ്രാമ പ്രദേശങ്ങളിലേക്കു പൊതുഗതാഗത സംവിധാനം ഏര്‍പ്പെടുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്നും ഇതിനായി ഗ്രാമവണ്ടി പദ്ധതി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. നോര്‍ത്ത് പറവൂര്‍ കെഎസ്ആര്‍ടിസി യാത്രാ ഫ്യുവല്‍സ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ വി.എ പ്രഭാവതി അധ്യക്ഷത വഹിച്ച് ആദ്യ വില്‍പന നടത്തി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് റീട്ടെയ്ല്‍ സെയില്‍സ് ജനറല്‍ മാനേജര്‍ ദീപക് ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെഎസ്ആര്‍ടിസി മധ്യമേഖല എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ.ടി. സെബി, നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി നിധിന്‍, വൈസ് ചെയര്‍മാന്‍ എം.ജെ രാജു, വാര്‍ഡ് കൗണ്‍സിലര്‍ ഇ.ജി ശശി, നോര്‍ത്ത് പറവൂര്‍ അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.എന്‍ സുനില്‍ കുമാര്‍, യൂണിയന്‍ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!