അപകടം ശരീരം തളർത്തി, പക്ഷെ മനസ്സ് തളർന്നില്ല ; എം.ബി.ബി.എസ്. നേടി മരിയ.

മൂവാറ്റുപുഴ: ശരീരം തളർത്തിയ അപകടത്തെ മനസാന്നിധ്യം കൊണ്ട് അതിജീവിച്ച് എം.ബി.ബി.എസ്. നേടി മരിയ. പിറവം വെളിയനാട്
തളിയച്ചിറയിൽ ബിജു പീറ്ററിന്റെയും സുനിയുടെയും മകൾ മരിയ ബിജുവാണ് തന്റെ ഈ ചെറു പ്രായത്തിൽ പ്രതിസന്ധികൾക്ക് മുന്നിൽ തളർന്നു പോകുന്ന പുതിയ തലമുറയ്ക്ക് മാതൃകയാവുന്നത്. ഇരുപതാം വയസ്സിൽ അപകടത്തിൽപെട്ട് നെഞ്ചിന് കീഴ്പ്പോട്ട് പൂർണ്ണമായും ചലന ശേഷി നഷ്ടപ്പെട്ട മരിയ വിധിയെ പൊരുതി തോൽപ്പിച്ച് എം.ബി.ബി.എസ്. ഉയർന്ന മാർക്കോടെ വിജയിച്ചിരിക്കുകയാണ്. സ്കൂൾ കാലം മുതലേ മരിയ പഠനത്തിൽ മിടുമിടുക്കിയായിരുന്നു. വിദേശത്താണ് സ്‌ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിൽ 2016ൽ എം.ബി.ബി.എസിനു പ്രവേശനം ലഭിച്ചു. ഒന്നാം വർഷ പഠനം പൂർത്തിയാകാൻ ദിവസങ്ങൾ ബാക്കി നിൽക്കുമ്പോഴാണ് അപകടം നടന്നത്. അപ്രതീക്ഷിതമായെത്തിയ മഴയിൽ രണ്ടാം നിലയിലെ ബാൽക്കണിയിൽ വിരിച്ചിട്ടിരുന്ന തുണി എടുക്കാനായി ഓടിയപ്പോൾ തെന്നി താഴേക്ക് പതിക്കുകയായിരുന്നു. വീഴ്ചയിൽ തലയിൽ ആഴത്തിൽ മുറിവേറ്റു. കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ തുടയിലെ അസ്ഥി ഒടിഞ്ഞതായും നട്ടെല്ലിനും ക്ഷതം സംഭവിച്ചതായും കണ്ടെത്തി. നട്ടെല്ലിനേറ്റ ക്ഷതം ഗുരുതരമായതിനാൽ ശരീരത്തിന്റെ ചലന ശേഷി നഷ്ടപ്പെട്ടു. ഇതോടെ കൂടുതൽ സൗകര്യങ്ങളുള്ള എറണാകുളം അമൃതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരം മുഴുവൻ തളർന്നു പോയ മരിയയ്ക്ക് പിന്നെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ നടത്തി. ഒടുവിൽ കൈകൾ ചലിപ്പിക്കാമെന്ന അവസ്ഥയിലെത്തി. തുടർ ചികിത്സയ്ക്കായി പിന്നീട് വെല്ലൂർ മെഡിക്കൽ കോളജിൽ ഫിസിയോതെറാപ്പിയും നടത്തി. ഒടുവിൽ 6 മാസം നീണ്ട ചികിത്സ കഴിഞ്ഞപ്പോഴാണ് വീൽചെയറിൽ ഇരിക്കാവുന്ന നിലയിലായത്. ആശുപത്രിക്കിടക്കയിലായിരുന്നപ്പോളും എം.ബി.ബി.എസ്. എങ്ങനെയും എഴുതി എടുക്കണമെന്ന ആഗ്രഹമായിരുന്നു മരിയയുടെ മനസ്സിൽ. വീൽചെയറിൽ ഇരിക്കാനാകുന്ന സ്ഥിതിയായപ്പോൾ പിന്നെ ക്ലാസിൽ വീണ്ടും ചേരണമെന്ന നിർബന്ധത്തിലായി. ഡോക്ടർമാരുടെ സമ്മത പ്രകാരവും കോളേജ് അധികാരികളുടെ പിന്തുണയോടും കൂടി 2017 ജനുവരി മുതൽ വീണ്ടും ക്ലാസിൽ പോയി. കാലുകൾക്കു ചലന ശേഷി ഇല്ലാത്തതിനാൽ പൂർണ്ണമായി വീൽചെയറിനെ ആശ്രയിക്കേണ്ടി വന്നതോടെ സഹപാഠികളും അധ്യാപകരും സഹായവുമായി എത്തി. മാതാവ് സുനി ഇക്കാലമത്രയും കോളേജ് ഹോസ്റ്റലിൽ കരുതലായി നിന്നു. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം പരീക്ഷ എഴുതുന്നതിനു സഹായിയെ ആശ്രയിക്കുന്നതിനു സർവ്വകലാശാല അനുമതി നൽകിയെങ്കിലും മരിയ സ്വീകരിച്ചില്ല. മെഡിക്കൽ ഫീൽഡുമായി ബന്ധമില്ലാത്ത ഒരാൾക്ക് മെഡിക്കൽ സംബന്ധമായ വാക്കുകൾ എഴുതാൻ ബുദ്ധിമുട്ടാകും. അതിനാൽ സ്വയം എഴുതാമെന്ന് തീരുമാനിക്കുകയായിരുന്നു. വഴങ്ങാത്ത കൈകളെ തന്റെ ചൊൽപ്പടിക്ക് നിർത്താനായി ശ്രമം തുടങ്ങി. പേനയും പെൻസിലും കയ്യിൽ മുറുകെ പിടിച്ച് പരിശ്രമം തുടങ്ങി. ചിത്രം വരച്ചാണ് വിരലുകളെ നിലയ്ക്ക് നിർത്താൻ മരിയയ്ക്ക് കഴിഞ്ഞത്. ഇക്കാലയളവിൽ മികച്ചൊരു ചിത്രകാരിയാകാനും കഴിഞ്ഞു. ഒടുവിൽ സ്വന്തം കൈകൾ കൊണ്ട് 2ആം വർഷത്തിലെ ക്ലാസുകളിൽ പങ്കെടുക്കുന്നതിനൊപ്പം ആദ്യ വർഷം നഷ്ടപ്പെട്ട പരീക്ഷയും എഴുതിയെടുത്തു. ഇതോടെ ആത്മവിശ്വാസം ഏറെ വർദ്ധിച്ചു. പിന്നെ ഒരു കുതിപ്പായിരുന്നു. തളർന്നു പോയ കാലുകൾക്ക് പകരം സുഹൃത്തുക്കൾ കൂട്ടായി എത്തിയതോടെ ഈ ലോകം തന്നെ കീഴ്പ്പെടുത്താൻ തനിക്ക് കഴിയുമെന്ന ആത്മവിശ്വാസം ഒടുവിൽ എത്തിച്ചത് എം.ബി.ബി.എസിലെ വിജയത്തിലേക്കായിരുന്നു. കഴിഞ്ഞ നവംബറിൽ ആരംഭിച്ച അവസാന വർഷ പരീക്ഷയ്ക്കു കൂടുതൽ സമയം ഇരുന്നു പഠിച്ചതോടെ ശരീരത്തിൽ മുറിവുണ്ടായി. സ്ട്രെച്ചറിൽ കിടന്നായിരുന്നു തുടർപഠനം. ഒടുവിൽ കാത്തിരുന്ന എം.ബി.ബി.എസ്. ബിരുദം കയ്യിൽ. വീണു പോയി എന്ന് കരുതിയിടത്ത് നിന്നും ഉയർത്തെണീൽപ്പിച്ചത് മരിയയുടെ എം.ബി.ബി.എസ്സിനോടുള്ള അടങ്ങാത്ത ആഗ്രഹവും മുടങ്ങാതെയുള്ള പ്രാർത്ഥനയുമായിരുന്നു. വീൽച്ചെയറിൽ ഒതുങ്ങിയിരിക്കാൻ സുഹൃത്തുക്കൾ അവളെ അനുവദിച്ചിരുന്നില്ല. പുറത്തുകൊണ്ടു പോകാനും പരിപാടികളിൽ പങ്കെടുപ്പിക്കാനും അവർ ഒപ്പമുണ്ടായിരുന്നു. കോളേജ് പ്രോഗ്രാമുകളിൽ വീൽച്ചെയറിൽ ഇരുന്ന് സുഹൃത്തുക്കൾക്കൊപ്പം ആടിത്തിമിർക്കുകയും ചെയ്തു. ഫാഷൻ ഷോ, വിസിലിങ്, ബോഡി പെയിന്റിങ്, പെയിന്റിങ് എന്നു തുടങ്ങീ ചെയ്യാൻ കഴിയുന്നതിനപ്പുറമുള്ള എല്ലാ കലാപരിപാടികൾക്കും മരിയ പങ്കെടുക്കുകയും സമ്മാനം വാങ്ങുകയും ചെയ്തിട്ടുണ്ട്. സ്‌കൂൾ കാലഘട്ടത്തിൽ കായിക മത്സരങ്ങളിലെ പ്രതിഭയായിരുന്നു. നിരവധി മെഡലുകളും ട്രോഫികളും പ്രശംസാ പത്രങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. അന്നത്തെ അതേ സ്പോർട്ട്സ് മാൻ സ്പിരിറ്റ് തന്നെയാണ് വീഴ്ചയിൽ നിന്നും മരിയയെ പിടിച്ചുയർത്തിയത്.
കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിനടുത്താണ് മരിയയും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. ആരുടെയും സഹായമില്ലാതെ പുറത്തേക്കിറങ്ങി കറങ്ങി നടക്കണമെന്നാണ് മരിയയുടെ ആഗ്രഹം. പക്ഷേ അതിന് തടസമായി നിൽക്കുന്നത് പബ്ളിക് ട്രാൻസ്പോർട്ട് സർവ്വീസുകളിൽ അംഗപരമിതരായവർക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഇല്ലാ എന്നതാണ്. കൊച്ചി മെട്രോയിൽ മാത്രമാണ് ഇപ്പോൾ അതിനുള്ള സൗകര്യമുള്ളത്. കെ.എസ്.ആർ.ടി.സി. ലോ ഫ്ളോർ ബസിൽ സൗകര്യമുണ്ടെങ്കിലും പക്ഷേ വീൽചെയർ കയറ്റാനുള്ള സംവിധാനങ്ങൾ ഇല്ല. കൂടാതെ ഇപ്പോൾ വീൽചെയറിൽ എത്തുന്നവർക്കായി ഒരുക്കിയ സ്ഥലങ്ങളിൽ അധിക സീറ്റുകൂടി വച്ചു പിടിപ്പിച്ചിരിക്കുകയാണ്. അതു മാത്രമല്ല, കൊച്ചി നഗരത്തിൽ വീൽചെയറിൽ സഞ്ചരിക്കാനുള്ള സൗകര്യം ഇല്ല. പനമ്പള്ളി നഗറിൽ ഉണ്ടെങ്കിലും അവിടെ വരെ എത്താനുള്ള സൗകര്യമില്ല. അതിനാൽ വീൽചെയറിൽ സഞ്ചരിക്കുന്നവർക്ക് വേണ്ടിയുള്ള യാത്രാ സൗകര്യം കൊച്ചിയിൽ ഒരുക്കണമെന്ന ആവശ്യം ഉന്നയിച്ച് സർക്കാരിന് നിവേദനം നൽകാനൊരുങ്ങുകയാണ് മരിയ. ഒപ്പം ഒരു വർഷത്തെ ഹൗസ് സർജൻസി കഴിഞ്ഞ് എം.ഡി. എടുക്കാനുള്ള ഒരുക്കത്തിലും. എം.ഡി എടുക്കുന്നതിനൊപ്പം തന്റെ ശരീരം കൊണ്ട് പ്രവർത്തിപ്പിക്കാനുതകുന്ന തരത്തിൽ ബുള്ളറ്റ് രൂപ മാറ്റം വരുത്തി കാശ്മീരിലേക്ക് ഒരു യാത്ര ചെയ്യാനുള്ള തീരുമാനത്തിലുമാണ്.
മാതാപിതാക്കളായ ബിജു പീറ്ററും സുനി ബിജുവും മകൾക്ക് വേണ്ടത് ചെയ്തുകൊടുക്കാനായി മുൻപന്തിയിൽ തന്നെയുണ്ട്. ബിലീവേഴ്സിൽ എം.ബി.ബി.എസ് രണ്ടാം വർഷ വിദ്യാർത്ഥിനിയായ സഹോദരി മേരിയോൺ ബിജുവും എല്ലാ പിൻതുണയോടും ഒപ്പമുണ്ട്. കോളേജ് ഹോസ്റ്റലിൽ നടന്ന അപകടമായതിനാൽ മുഴുവൻ ചികിത്സാ ചിലവും മറ്റും കോളേജ് അധികൃതർ തന്നെയാണ് നടത്തുന്നത്.

Back to top button
error: Content is protected !!