മദ്രസ അധ്യാപക ക്ഷേമ നിധി: സമിതി രൂപീകരിച്ചു

മൂവാറ്റുപുഴ : മതാധ്യാപകര്‍ സാമൂഹ്യ- സാംസ്‌കാരിക- സാമ്പത്തിക മേഖലകളില്‍ എല്ലാ നിലയിലും ഉന്നതി പ്രാപിക്കേണ്ടവരാണെന്നും അതിനാല്‍ ഗവണ്‍മെന്റ് തലത്തില്‍ അതിന് വേണ്ടി ഒരുക്കുന്ന സംവിധാനങ്ങളുമായി നാം സഹകരിക്കണമെന്നും ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ ജില്ലാ സെക്രട്ടറി മുഹമ്മദ് തൗഫീഖ് മൗലവി. മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ മണ്ഡലം സമിതി രൂപീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേഴയ്ക്കാപ്പിള്ളി ബദ്രിയ മദ്രസയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല സമിതി ചെയര്‍മാന്‍ സിയാദ് ചെമ്പറക്കി അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ ജമാല്‍ സഖാഫി വിഷയാവതരണം നടത്തി.
ജില്ല സമിതി അംഗങ്ങളായ ടി.എ ബഷീര്‍ എടത്തല, അബ്ദുല്‍ റഷീദ് ഇടപ്പള്ളി, സിയാദ് സഅദി, അബ്ദുറഷീദ് മൗലവി,എസ്.എം.എഫ് ജില്ലാ ട്രഷറര്‍ കെ.കെ ഇബ്രാഹിം ഹാജി പേഴയ്ക്കാപ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാവര്‍ക്കിംഗ് കണ്‍വീനര്‍ അന്‍സാരി മൗലവി സ്വാഗതവും ബദ്രിയ മുദരിസ് ശുക്കൂര്‍ ബാഖവി നന്ദിയും പറഞ്ഞു. യോഗത്തില്‍ സലിം ബാഖവി ചെയര്‍മാനും അലി ബാഖവി ജനറല്‍ കണ്‍വീനറും ബഷീര്‍ മൗലവി, ഇ എ ഫസലുദീന്‍ മൗലവി, സല്‍മാന്‍ ഹുദവി, എം എം കാസിം എന്നിവര്‍ അംഗങ്ങളായും മൂവാറ്റുപുഴ മണ്ഡലം സമിതിക്കു രൂപം നല്‍കി. കോതമംഗലം മണ്ഡലത്തില്‍ ചെയര്‍മാന്‍ അമീര്‍ അഹ്‌സനി, വൈസ് ചെയര്‍മാന്‍ അശ്‌റഫ് ലബ്ബ മൗലവി, ജനറല്‍ കണ്‍വീനര്‍ ഷാഹുല്‍ ഹമീദ് ബാഖവി , മൂസ ബദ് രി, ടി കെ മുഹമ്മദ് ബദ് രി, ജലാല്‍ സഖാഫി, കെഎം കുഞ്ഞു ബാവ, സൈനുദ്ധീന്‍ മാസ്റ്റര്‍ എന്നിവര്‍ അംഗങ്ങളായും ഉള്ള കമ്മറ്റി നിലവില്‍ വന്നു. കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ വിവിധ വിദ്യാഭ്യാസ ബോര്‍ഡുകളുടെ റേഞ്ച്, മേഖല ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു.

 

 

Back to top button
error: Content is protected !!