തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനുളള മാനദണ്ഡങ്ങള്‍ പുറത്തിറക്കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനുളള മാനദണ്ഡങ്ങള്‍ പുറത്തിറക്കി.പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ മൂന്ന് പേര്‍ മാത്രമേ പാടുളളൂ. സ്ഥാനാര്‍ത്ഥികള്‍ക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാള്‍ എന്നിവ നല്‍കി സ്വീകരിക്കാന്‍ പാടില്ലെന്നും മാര്‍​ഗനിര്‍ദേശത്തില്‍ പറയുന്നു.
പ്രചാരണത്തിന്റെ ഭാ​ഗമായുളള ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ അഞ്ച് പേര്‍ മാത്രമേ പങ്കെടുക്കാവൂ. റോഡ് ഷോ, വാഹനറാലി എന്നിവയ്ക്ക് മൂന്ന് വാഹനങ്ങള്‍ മാത്രമേ ഉപയോ​ഗിക്കാവൂ. പ്രചാരണത്തിന് സോഷ്യല്‍ മീഡിയയെ ഉപയോഗിക്കണം. പ്രചാരണത്തിന് അവസാനം കുറിച്ചുളള കൊട്ടിക്കലാശം ഉണ്ടാകില്ല.
പ്രചാരണ ജാഥകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച്‌ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സെപ്‌തംബര്‍ 18ന് വിളിച്ചുചേര്‍ത്ത രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ കരട് മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ആ യോഗത്തിലെ തീരുമാനങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി ഉത്തരവായതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുന്‍സിപ്പാലിറ്റികള്‍, 6 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലായി 21,865 വാര്‍ഡുകളിലേക്കാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം, ഇ.വി.എം ഫസ്റ്റ് ലെവല്‍ ചെക്കിംഗ് എന്നിവ പുരോഗമിച്ച്‌ വരികയാണ്. അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുമ്ബ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും മറ്റും ഒരു അവസരം കൂടി നല്‍കുമെന്ന് തിര‍ഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Back to top button
error: Content is protected !!