നിയമസഭാ തിരഞ്ഞെടുപ്പ് 2021: വോട്ടർ പട്ടിക അവലോകന യോഗം ചേർന്നു

 

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് 2021 ൻ്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വോട്ടർ പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട അവലോകന യോഗം നടന്നു. വോട്ടർ പട്ടിക നിരീക്ഷക മിനി ആൻ്റണിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസും പങ്കെടുത്തു.

തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വളരെ കുറച്ച് സമയമാണ് മുന്നൊരുക്കങ്ങൾക്ക് ലഭിക്കുന്നത്. വോട്ടർ പട്ടികയിൽ പേരു ചേർപ്പിക്കുന്നതിന് പൊതുപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്ന് ഊർജിത ശ്രമമുണ്ടാകണമെന്ന് മിനി ആൻ്റണി പറഞ്ഞു. വോട്ടർ ബോധവത്കരണം സജീവമാക്കണം. കോ വിഡ് മൂലം ക്യാംപസുകളിൽ വിദ്യാർഥികളില്ലാത്തതിനാൽ അത്തരം ക്യാംപെയ്നുകൾ ഇത്തവണ നടത്താൻ കഴിഞ്ഞിട്ടില്ല. സൂം മീറ്റിംഗ് പോലുള്ള ഓൺലൈൻ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് വോട്ടർ ബോധവത്കരണം നടന്നു വരുന്നത്. കേരളത്തിനു പുറത്ത് പഠിക്കുന്നവർ കോവിഡ് വ്യാപനത്തെ തുടർന്ന് ഇപ്പോൾ നാട്ടിലുണ്ട്. ഇത്തരത്തിലുള്ളവർ പട്ടികയിൽ പേരു ചേർക്കാൻ ശ്രദ്ധിക്കണം. അംഗ പരിമിതമായ വോട്ടർമാരെയും ഉൾപ്പെടുത്തണം. ഇതിന് സാമൂഹ്യ വകുപ്പിൻ്റെ സഹായവുമുണ്ടാകും. വോട്ടർ പട്ടികയിൽ പേരില്ലാത്ത കിടപ്പ് രോഗികളുടെയും ട്രാൻസ്ജെൻഡർ വിഭാഗക്കാരുടെയും പേരുകൾ ചേർക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മരിച്ചു പോയ വ്യക്തികളുടെ പേരുകൾ ഒഴിവാക്കുന്നതും വീട് മാറിപ്പോയ വോട്ടർമാരുടെ പേരുകൾ അതാത് സ്ഥലത്ത് ചേർക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നു. ബി എൽ എ മാരെ പോസ്റ്റ് ചെയ്യാത്ത രാഷ്ട്രീയ കക്ഷികൾ ഉടൻ അവരെ നിയമിക്കണം.

വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31 ആണ്. തീയതി നീട്ടി നൽകണമെന്ന് രാഷ്ട്രീയ കക്ഷി പ്രവർത്തകർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് അവർ വ്യക്തമാക്കി.

വോട്ടർ പട്ടികയിൽ പരമാവധി പേരെ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ ജില്ലയിൽ പുരോഗമിക്കുകയാണെന്ന് കളക്ടർ അറിയിച്ചു. സോഷ്യൽ മീഡിയ വഴി ബോധവത്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് ഡിസംബർ 28 വരെ 25079 പുതിയ അപേക്ഷകൾ ലഭിച്ചു. വോട്ടർ ബോധവത്കരണത്തിനായി 248 ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകൾ ജില്ലയിൽ പ്രവർത്തിക്കുന്ന്. നവ വോട്ടർമാരെ ചേർക്കുന്നത് യുവജനക്ഷേമ ബോർഡിൻ്റെയും യുവജന സംഘടന കളുടെയും സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. 91691 ആണ് 18 വയസ് പൂർത്തിയാകുന്നവരുടെ എണ്ണം. 2252 ബി എൽ ഒ മാരെ നിയമിച്ചു കഴിഞ്ഞു. 11 രാഷ്ട്രീയ കക്ഷികളിൽ നിന്നായി 3865 ബി എൽ എ മാരെയും നിയമിച്ചു. പോളിംഗ് സ്റ്റേഷനുകളുടെ ഭൂപ്രദേശ വിവരശേഖരണവും പൂർത്തിയായി. പരാതി പരിഹാരത്തിനായുള്ള നോഡൽ ഓഫീസർമാരെയും നിയമിച്ചു. ജില്ലയിലെ 600 വി വി ഐ പി, വി ഐ പി വ്യക്തികളുടെ പേരുകൾ വിട്ടുപോകാതിരിക്കാൻ പ്രത്യേക ശ്രദ്ധയുണ്ടാകും. വോട്ടിംഗ് യന്ത്രങ്ങൾ കഴിഞ്ഞ 22 ന് മഹാരാഷ്ട്രയിൽ നിന്ന് ജില്ലയിലെത്തിയിട്ടുണ്ട്. സ്വീപ്പ് വോട്ടർ ബോധവത്കരണത്തിന് രണ്ട് നോഡൽ ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്.

ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറായ തഹസിൽദാർമാർ ഓരോ താലൂക്കിലെയും പ്രവർത്തന പുരോഗതി യോഗത്തിൽ അറിയിച്ചു. രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Back to top button
error: Content is protected !!