മകളുടെ ഉപദ്രവം മൂലം വീട് വിട്ടിറങ്ങേണ്ടി വന്ന അമ്മയ്ക്ക് സ്വന്തം വീട്ടില്‍ താമസവും സംരക്ഷണവും ഉറപ്പാക്കി മെയ്ന്‍റനന്‍സ് ട്രൈബ്യുണല്‍ ഉത്തരവ്.

 

മൂവാറ്റുപുഴ : മകളുടെ ഉപദ്രവം മൂലം വീട് വിട്ടിറങ്ങേണ്ടി വന്ന അമ്മയ്ക്ക് സ്വന്തം വീട്ടില്‍ താമസവും സംരക്ഷണവും ഉറപ്പാക്കി മെയ്ന്‍റനന്‍സ് ട്രൈബ്യുണല്‍ ഉത്തരവ്. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമ പ്രകാരം മൂവാറ്റുപുഴ മെയ്ന്‍റനന്‍സ് ട്രൈബ്യുനലില്‍ ലഭിച്ച പരാതിയേ തുടര്‍ന്നാണ് ഉത്തരവുണ്ടായത്. കുന്നത്തുനാട് താലൂക്ക്തല അദാലത്തിലാണ് പട്ടിമറ്റം വില്ലേജിലെ പരാതിക്കാരിയുടെ അപേക്ഷ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് പരിഗണിച്ചത്. സ്വന്തമായി മറ്റൊരു വീടുള്ള മകള്‍ അമ്മയുടെ വീട്ടിലാണ് താമസം. ഉത്തരവ് ദിവസം വൈകുന്നേരം അഞ്ചിന് മുമ്പ് അമ്മയുടെ വീട്ടില്‍ നിന്നും മകളോട് മാറി താമസിക്കുവാനാണ് വിധിച്ചത്. ഉത്തരവ് പ്രകാരം കുന്നത്ത്നാട് പൊലീസിന്‍റെ സാന്നിധ്യത്തില്‍ വീടിന്‍റെ വാതില്‍ തുറന്ന് കൊടുത്ത് അമ്മയ്ക്ക് സ്വന്തം വീട്ടില്‍ താമസത്തിന് സൗകര്യമൊരുക്കി. താലൂക്കിലെ 50 പരാതികള്‍ പരിഗണിച്ചതില്‍ 34 എണ്ണം പരിഹരിച്ചു. കൂടാതെ സ്വന്തം പേരില്‍ വീടും വസ്തുവുമുള്ള 89 വയസ്സുള്ളള അമ്മയ്ക്ക് വിദേശത്തു ജോലിയുള്ള മക്കള്‍ സംരക്ഷണം നല്‍കുന്നില്ലെന്ന പരാതി പരിഗണിച്ചു. അമ്മയുടെ വീടും വസ്തുവും പരാതികാരിക്ക് അക്കൗണ്ടുള്ള ബാങ്കിനെ ഏല്‍പ്പിച്ച് റിവേഴ്സ് മോര്‍ട്ഗേജ് വഴി ജീവിത ചെലവിനുള്ള തുക ലഭ്യമാക്കണമെന്നാണ് ഉത്തരവ്. സാമൂഹ്യനീതി വകുപ്പിന്‍റെയും മൂവാറ്റുപുഴ മെയ്ന്‍റനന്‍സ് ട്രൈബ്യുനലിന്‍റെയും നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ മൂവാറ്റുപുഴ ആര്‍ഡിഒ പി.എന്‍. അനി, സെക്ഷന്‍ ക്ലര്‍ക്ക് കെ.ആര്‍. ബിബിഷ്, ടെക്നിക്കല്‍ അസിസ്റ്റന്‍റ് എസ്. അനു, പൈങ്ങോട്ടൂര്‍ ശ്രീ നാരായണ ഗുരു കോളജ് ഓഫ് ആര്‍ട്സ് ആന്‍റ് സയന്‍സ് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!