കുട്ടനാടന്‍ ജലചക്രത്തിനെ അടിസ്ഥാനമാക്കി കുന്നയ്ക്കാല്‍ പാടശേഖരത്ത് ജലചക്രം നിര്‍മ്മിച്ച്‌

വാളകം: കുട്ടനാടന്‍ ജലചക്രത്തിനെ അടിസ്ഥാനമാക്കി കുന്നയ്ക്കാല്‍ പാടശേഖരത്ത് നിര്‍മ്മിച്ച ജലചക്രം കൗതുകമാകുന്നു. കുന്നക്കാല്‍ ആയക്കാട്ട് അനില്‍ ബോസ് കുര്യാപാടത്ത് തന്റെ 1.5 ഏക്കര്‍ നെല്‍വയലില്‍ ജലസേചനത്തിന് ആയാണ് സമീപത്തുകൂടി ഒഴുകുന്ന തോട്ടില്‍ ജലചക്രം സ്ഥാപിച്ചിരിക്കുന്നത്. ഇലക്ട്രീഷ്യനായ അനില്‍ ബോസ് ഇലക്ട്രിസിറ്റിയുടെ സഹായമില്ലാതെ ചക്രം തിരിയുന്ന തരത്തിലാണ് ജലചക്രം രൂപകല്പന ചെയ്തിരിക്കുന്നത്. തോട്ടിലെ വെള്ളം ഒഴുകുന്നതിന്റെ ശക്തി ഉപയോഗപ്പെടുത്തിയാണ് ജലചക്രം തിരിയുന്നതും തോട്ടിലെ വെള്ളം ഉയരത്തിലുള്ള പാടത്ത് എത്തുന്നതും. ചക്രത്തിന്റെ ദളങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ചട്ടികളിലും തകിടുകളിലും ഒഴുകുന്ന വെള്ളം പ്രയോഗിക്കുന്ന മര്‍ദ്ദം ചക്രത്തെ കറക്കുകയും ചക്രത്തിനോട് ചേര്‍ത്തുവച്ചിരിക്കുന്ന പ്ലാസ്റ്റിക് പൈപ്പിലൂടെ ജലം കോരിയെടുത്ത് ചക്രത്തിന്റെ അച്ചുതണ്ടായ പൈപ്പിലൂടെ പാടത്തേക്ക് ഒഴുകുകയും ചെയ്യുന്നു. ദിവസം മുഴുവന്‍ ഇടതടവില്ലാതെ ഈ പ്രക്രിയ തുടരുന്നതിനാല്‍ അധിക ചിലവില്ലാതെ പാടത്തേക്കുള്ള ജലപ്രവാഹം നിര്‍ബാധം നടക്കുന്നു. 4000 രൂപയാണ് അനില്‍ ബോസിന് ഈ യന്ത്രം സ്ഥാപിക്കുന്നതിന് വേണ്ടി ചിലവായ ആകെ തുക. പാടത്തേക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് ഇത്തരം ഒരു യന്ത്രം രൂപകല്‍പ്പന ചെയ്യാന്‍ കാരണമായതെന്ന് അനില്‍ ബോസ് പറഞ്ഞു. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്നതാണ് ഇലക്ട്രീഷ്യനായ അനില്‍ ബോസിന്റെ കുടുംബം. ഈ ജലചക്രത്തിന്റെ പ്രവര്‍ത്തനം കാണുവാനും മനസ്സിലാക്കുവാനും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇവിടെ എത്തിയിരുന്നു. ഇലക്ട്രിസിറ്റിയുടെ സഹായമില്ലാതെ കൃഷിക്ക് ലഭ്യമാകും വിധം അനില്‍ ബോസ് നിര്‍മ്മിച്ച യന്ത്രം മറ്റു കര്‍ഷകര്‍ക്കും മാതൃകയായി സ്വീകരിക്കാന്‍സാധിക്കും

Back to top button
error: Content is protected !!