എം. ജി യൂണിവേഴ്‌സിറ്റി ക്രോസ് കണ്‍ട്രി മത്സരത്തില്‍ ചരിത്ര വിജയം സ്വന്തമാക്കി എം.എ കോളേജ്

കോതമംഗലം : എം. ജി യൂണിവേഴ്‌സിറ്റി ക്രോസ് കണ്‍ട്രി മത്സരത്തില്‍ ചരിത്ര വിജയം സ്വന്തമാക്കി എം. എ. കോളേജ്. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ നടന്ന 40-ാമത് എം.ജി. യൂണിവേഴ്‌സിറ്റി പുരുഷ – വനിതാ ക്രോസ് കണ്‍ട്രി മത്സരത്തില്‍ ഇരു വിഭാഗങ്ങളിലും വിജയിച്ചാണ് എം. എ. കോളേജ് താരരാജാക്കന്മാരായാത്. 2016 മുതല്‍ തുടര്‍ച്ചയായി 7 വര്‍ഷക്കാലം പുരുഷ വിഭാഗം ചാമ്പ്യന്‍മാരാണ് കോതമംഗലം എം.എ കോളേജ്. വനിതാ വിഭാഗത്തില്‍ ചെങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിന്റെയും, പാലാ അല്‍ഫോണ്‍സയുടെയും കുത്തകയായിരുന്ന കിരീടം ചരിത്ര വിജയത്തിലൂടെ എം.എ കോളേജിന്റെ പെണ്‍ കരുത്തുകള്‍ ഇത്തവണ സ്വന്തമാക്കി. ഡോ. ജോര്‍ജ് ഇമ്മാനുവല്‍ ആണ് മുഖ്യ പരീശീലകന്‍.10ല്‍ പരം കോളേജ് ടീമുകളില്‍ നിന്നായി 60ല്‍ പരം കായിക താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. പുരുഷ, വനിതാ വിഭാഗങ്ങളില്‍ കോതമംഗലം എം.എ കോളേജ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍, എസ് ബി. കോളേജ് ചെങ്ങനാശ്ശേരി രണ്ടാമതും, സെന്റ് തോമസ് കോളേജ് പാലാ മൂന്നാമതും എത്തി. വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സാ കോളേജ് രണ്ടാമതും, ചെങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ് മൂന്നാം സ്ഥാനവും നേടി. വ്യക്തിഗത പുരുഷ വിഭാഗം മത്സരത്തില്‍ ആനന്ദ് കൃഷ്ണ കെ, ഷെറിന്‍ ജോസ്, സുജീഷ് എസ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി. മൂവരും എം. എ. കോളേജ് താരങ്ങള്‍ ആണ്. വനിതാ വിഭാഗത്തില്‍ കോതമംഗലം എം. എ. കോളേജിന്റെ ശ്വേത കെ, അന്‍സ് മരിയ തോമസ്എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ചെങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിന്റെ അഞ്ജു മുരുകനാണ് മൂന്നാം സ്ഥാനം. ക്രോസ് കണ്‍ട്രി മത്സരത്തില്‍ മിന്നും വിജയം നേടിയ കായിക താരങ്ങളെയും, പരിശീലകന്‍ ഡോ. ജോര്‍ജ് ഇമ്മാനുവലിനെയും എം. എ. കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്ഗീസ്, പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍, കായിക വകുപ്പ് മേധാവി പ്രൊഫ. ഹാരി ബെന്നി, കായികാദ്യപിക സ്വാതി കെ. കെ എന്നിവര്‍ അഭിനന്ദിച്ചു.

 

Back to top button
error: Content is protected !!