മണ്ണ് പൊന്നാക്കിയ ഐസ്സക്കിനെ തേടി സംസ്ഥാന അവാർഡും.സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പച്ചക്കറി കർഷനായി തെരഞ്ഞെടുത്തു.

കോലഞ്ചേരി:തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്ന പഴഞ്ചൊല്ല് പുതുതലമുറയ്ക്ക് ഉദാഹരണ സഹിതം വിവരിച്ചു നൽകാൻ ഇതിൽപ്പരം മറ്റൊന്നില്ല. തിരുവാണിയൂർ ചെമ്മനാട് സ്വദേശി കരിപ്പാലിൽ വീട്ടിൽ കെ.ഐ. ഐസ്സക്ക്. ഇരുപത്തഞ്ച് വർഷത്തിലേറെയായി മണ്ണിൽ നിന്നും നൂറ് മേനി പൊന്ന് വിളയിക്കുന്ന കർഷകൻ. പിതാവായ ഇട്ടനിൽ നിന്നും കൈമുതലാക്കിയ കൃഷി ഇന്ന് ഐസക്കിന് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പച്ചക്കറി കർഷകനുള്ള അവാർഡും നേടി കൊടുത്തിരിക്കുന്നു. മാസങ്ങൾക്ക് മുമ്പ് മികച്ച പച്ചക്കറി കർഷകനുള്ള ജില്ലാ അവാർഡും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. കൃഷിയിൽ നിന്നും ലക്ഷങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും കൃഷിയിൽ അനുഭവസമ്പത്തിൻ്റെ കലവറക്കുടമയാണ് ഇദ്ദേഹം. പിതാവിൽ നിന്നും കിട്ടിയ അര ഏക്കർ കൂടാതെ സമീപ പ്രദേശങ്ങളിലെ ഏക്കർ കണക്കിന് സ്ഥലം പാട്ടത്തിനെടുത്താണ് വർഷങ്ങളായി ഐസ്സക്ക് കൃഷി നടത്തി വരുന്നത്. താമസം തിരുവാണിയൂരിലെ ചെമ്മനാടെങ്കിലും സമീപ പഞ്ചായത്തായ പൂതൃക്കയിലെ പത്താമ യിൽ, മീമ്പാറ തുടങ്ങിയ സ്ഥലങ്ങളിലും, തിരുവാണിയൂരിലെ പാലാപ്പടി, വെങ്കിട, എന്നിവിടങ്ങളിലും കൃഷി ചെയ്യുന്നു. വാഴ, കുക്കുംമ്പർ, പടവലം, ചുരക്ക, പീച്ചിൽ, കുംമ്പളം, വെള്ളരി, മത്തൻ, വെണ്ട തുടങ്ങിയ പച്ചക്കറികളും, രണ്ട് ഏക്കറോളം സ്ഥലത്ത് നെല്ലുമാണ് നിലവിൽ കൃഷി ചെയ്തു വരുന്നത്.ഏകദേശം 6 ഏക്കറോളം വിവിധയിനങ്ങളായി കൃഷി ചെയ്യുന്നു.കൂടാതെ പശുക്കൾ, ആട്, പോത്ത്, കാള, കോഴി തുടങ്ങിയ മൃഗസമ്പത്തും താമസ വീടിനോട് ചേർന്ന് വളർത്തുന്നു.ഈ വർഷം കാലാവസ്ഥയിലുണ്ടായ മാറ്റം ഐസ്സക്കിൻ്റെ കൃഷിയെയും ബാധിച്ചു.രണ്ടര ലക്ഷം രൂപയോളം ഇത്തവണ നഷ്ടം സഹിക്കേണ്ടി വന്നു.ഇതിൽ നിരാശപ്പെടാനോ, ആരെയും പഴി പറയാനോ ഈ കർഷകനില്ല .അടുത്ത കൃഷിയിൽ ഇത് തിരിച്ചുപിടിക്കാനാകുമെന്ന ശുഭപ്രതീക്ഷ മാത്രം. സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ കർഷകനായി തിരഞ്ഞെടുക്കപ്പെട്ടതിൽ ദൈവത്തോടും, കുടുംബത്തോടും, തിരുവാണിയൂർ കൃഷിഭവൻ ഉദ്യോഗസ്ഥരോടും നന്ദി പറയുകയാണ് ഐസ്സക്ക്.പിതാവ് ഇട്ടനും, ഭാര്യ അന്നയും, ഏക മകൾ ഡെലീഷ്യയും തനിക്ക് മികച്ച പ്രചോദനമാണ് നല്കുന്നതെന്നും ഈ കർഷകൻ സാക്ഷ്യപ്പെടുത്തുന്നു.

Back to top button
error: Content is protected !!