ജനതാദള്‍ (എസ്) കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി

കോലഞ്ചേരി: തങ്കളം – കാക്കനാട് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ഐരാപുരം കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ജനതാദള്‍ (എസ്) കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ നിന്നും, ഇടുക്കി ജില്ലയില്‍ നിന്നുമായി ജില്ലാ ആസ്ഥാനമായ കാക്കനാട്ടേക്കും, കൊച്ചിയിലേക്കും എത്തിച്ചേരുന്നതിന് അനിയന്ത്രിതമായ ഗതാഗതക്കുരുക്കിലകപ്പെട്ട് പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ഉപകരിക്കുന്ന റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പാതി വഴിയില്‍ നിലച്ചത്. കോതമംഗലം – മൂവാറ്റുപുഴ നഗരങ്ങളില്‍ നിന്നുമായി ആരംഭിക്കുന്ന റോഡ് പരസ്പരം ബന്ധിപ്പിച്ച് ഗ്രാമീണ മേഖലയുടെ വികസനം ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ റോഡ് വിഭാവനം ചെയ്തിട്ടുള്ളത്. എന്നാല്‍ ഈ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പദ്ധതിച്ചിലവിലുണ്ടാകുന്ന വര്‍ദ്ധനവ് കണക്കിലെടുത്ത് സാങ്കേതിക തടസ്സങ്ങളൊഴിവാക്കി നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ കാര്‍ഷിക-വ്യാവസായിക മേഖലകളില്‍ വലിയ മാറ്റത്തിന് സാധ്യതയേറുമെന്ന് യോഗം ചൂണ്ടിക്കാട്ടി. കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പായി നെല്ലാട് – കിഴക്കമ്പലം, മണ്ണൂര്‍ പോഞ്ഞാശ്ശേരി റോഡുകള്‍ സഞ്ചാരയോഗ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമാണെന്നും കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. ജനതാദള്‍ (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സി.കെ. വീരാന്‍ , അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജബ്ബാര്‍ തച്ചയില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അലോഷ്യസ് കൊള്ളന്നൂര്‍ നേതാക്കളായ കെ.എം. അലി, കെ.ആര്‍.സുകുമാരന്‍ സലീം എടത്തല, ഷാനവാസ് മുളവുകാട്, എന്‍.കരുണാകരന്‍ നാസര്‍ ഐരാപുരം, ഹമീദ് പട്ടത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!