മൂവാറ്റുപുഴയില്‍ കലാശക്കൊട്ട് കെങ്കേമമാക്കാന്‍ മുന്നണികള്‍

മൂവാറ്റുപുഴ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഒരുമാസം നീണ്ടുനിന്ന പരസ്യപ്രചാരണം കലാശക്കൊട്ടോടെ ഇന്ന് വൈകുന്നേരം ആറിന് സമാപിക്കും. തുടര്‍ന്നു പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍ എന്നിവ നടത്താന്‍ അനുവദിക്കില്ല. മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രവര്‍ത്തകര്‍ക്ക് കലാശക്കൊട്ടിന് വെവ്വേറെ സ്ഥലങ്ങളാണ് തീരുമാനിച്ചിരിക്കുന്നത്. പോസ്റ്റോഫീസ് ജംഗംഷനില്‍ യുഡിഎഫ് പ്രവര്‍ത്തകരും, കച്ചേരിത്താഴത്ത് എല്‍ഡിഎഫ്, വെള്ളൂര്‍ക്കുന്നത്ത് എന്‍ഡിഎ എന്നിങ്ങനെയാണ് കലാശക്കൊട്ടിന് അനുമതി നല്‍കിയിരിക്കുന്നത്. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ മൂവാറ്റുപുഴയില്‍ ഇല്ലെങ്കിലും ആവേശം ഒട്ടുംചോരാതെ തന്നെ കലാശക്കൊട്ട് കെങ്കേമമാക്കാനാണ് പ്രവര്‍ത്തകരുടെ തീരുമാനം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് തൊടുപുഴയിലും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജ് കട്ടപ്പനയിലും, എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥന്‍ തൊടുപുഴയിലും കലാശക്കൊട്ടില്‍ പങ്കുചേരും. വീറുംവാശിയും നിറഞ്ഞുനിന്ന പ്രചാരണത്തിന്റെ സമാപനവും ആവേശകരമാക്കാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍. റോഡ് ഷോ നടത്തി കലാശക്കൊട്ട് കൂടുതല്‍ കൊഴുപ്പിക്കാനും മുന്നണികള്‍ ശ്രമിക്കുന്നുണ്ട്. അതേ സമയം ആവേശം അതിരുവിട്ടാല്‍ നിയന്ത്രിക്കാന്‍ സര്‍വസജ്ജമായി പോലീസും രംഗത്തുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന 48 മണിക്കൂറില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

 

Back to top button
error: Content is protected !!