കള്ളാട് കൊലപാതകം: നാൽപ്പതു ദിനം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

കോതമംഗലം: ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസിനെ വീടിനുള്ളില്‍ പട്ടാപ്പകല്‍ കൊലപ്പെടുത്തിയ സംഭവം നടന്ന് നാല്‍പ്പത് ദിവസം പിന്നിട്ടിട്ടും കേസ് തെളിയിക്കാനായില്ല. പ്രതിയെ കണ്ടെത്താനായില്ലെന്നതിനു പുറമേ പ്രതിയിലേക്കുള്ള സൂചന പോലും കണ്ടെത്താനായിട്ടില്ല. ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് നിലവില്‍ അന്വേഷണ ചുമതല. ഇതിനിടെ അടുത്തയാഴ്ചയോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയേക്കുമെന്നാണ് സൂചന. കൊലപാതക കേസുകളുടെ അന്വേഷണം ഒരു പരിധിക്കപ്പുറം നീണ്ടാലാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുന്നത്. ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറുംമുമ്പേ പ്രതിയെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് അന്വേഷണ സംഘം. സാറാമ്മയുടെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തും സമീപ പ്രദേശങ്ങളിലുമാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. കൃത്യം നടത്തിയവര്‍ ഈ പ്രദേശങ്ങളുമായി ബന്ധമുള്ളവരാണെന്നു തന്നെയാണ് പോലിസ് നിഗമനം. വളരെ ആസുത്രണം ചെയ്താണ് സാറാമ്മയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നതെന്നും പോലിസ് അനുമാനിക്കുന്നു. തെളിവുകള്‍ അവശേഷിപ്പിക്കാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചിട്ടുണ്ട്. പ്രദേശത്തെ സിസി ടിവി കാമറകളിലൊന്നിലും പെടാതിരിക്കാനും പ്രതിക്ക് കഴിഞ്ഞു. ഒട്ടേറെ കാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും സാറാമ്മയുടെ വീട്ടിലോ പരിസരത്തോ ആരെങ്കിലും വന്നുപോയതിന്റെ ഒരു സൂചനയും പോലിസിന് ലഭിച്ചില്ല. മാര്‍ച്ച് 25ന് വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് സാറാമ്മ കൊല്ലപ്പെട്ടത്. മറ്റു സാധ്യതകള്‍ കൂടി പോലിസ് പരിശോധിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യലിന് വിധേയരായവരില്‍ ചിലരെ ഇപ്പോഴും നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുമില്ല.

Back to top button
error: Content is protected !!