അയല്‍പക്കംക്രൈംതൊടുപുഴ

ടണ്‍കണക്കിന് കഞ്ചാവ് കടത്തിയ അമ്മായി റസ്സലിനെ പോലീസ് പിടികൂടി

 

മൂവാറ്റുപുഴ : ടണ്‍കണക്കിന് കഞ്ചാവ് കടത്തിയ അമ്മായി റസ്സലിനെ പോലീസ് പിടികൂടി. ഇടുക്കി തൊടുപുഴ കുമ്മൻകല്ല് തൊട്ടിയിൽ വീട്ടിൽ റസൽ (അമ്മായി റസൽ )(36) എന്നയാളെയാണ് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കുറച്ചു നാളുകളായി മൂവാറ്റുപുഴ ആനിക്കാട് ഭാഗത്തു വാടകക്ക് താമസിക്കുകയായിരുന്നു റസ്സൽ.

ആയിരക്കണക്കിന് കിലോ കഞ്ചാവാണ് 4 വർഷത്തിനുള്ളിൽ ഇയാൾ കേരളത്തിലെത്തിച്ച് വിതരണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. മൂന്ന് ദിവസം നീണ്ടുനിന്ന പോലീസ് അന്വേഷണത്തിൽ ഒടുവിൽ ഇടുക്കി വനമേഖലയിലെ തോപ്രാംകുടി മേലെചാന്നാർ ഭാഗത്തുള്ള ഒളിസങ്കേതത്തിൽ നിന്നാണ് റസ്സലിനെ സാഹസികമായി പിടികൂടിയത്.കഴിഞ്ഞ നവംബറിൽ രണ്ട് ആഡംബര കാറുകളിൽ കടത്തുകയായിരുന്ന നൂറ്റിഅഞ്ചു കിലോ കഞ്ചാവ് അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തുവെച്ച് പിടികൂടിയിരുന്നു. തുടർന്ന് റൂറൽ പോലീസ് പ്രത്യേക സംഘം രൂപവത്‌കരിച്ച് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയും കേരളത്തിലെ കഞ്ചാവ് വിതരണ ശൃംഖലയെക്കുറിച്ച് നിർണായക വിവരങ്ങൾ കണ്ടെത്തുകയും ചെയ്തു.

വിശദമായ അന്വേഷണത്തിൽ കേരളത്തിലേക്കുളള കഞ്ചാവ് വിതരണത്തിന്റെ പ്രധാന കേന്ദ്രം ആന്ധ്രയിലുളള പാഡേരു എന്ന ഗ്രാമം ആണെന്ന് മനസ്സിലായി. ഇവിടെ നിന്നാണ് കേരളം ,തമിഴ്നാട്, കർണാടക ,ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് കയറ്റി അയക്കുന്നത്. ആന്ധ്ര കേന്ദ്രീകരിച്ചു കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മലയാളികളെ സംബന്ധിച്ച് വ്യക്തമായ വിവരം അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനികളും വിതരണക്കാരുമായ ആറ് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

Back to top button
error: Content is protected !!
Close