ഹെൽത്തികേരള’ പരിശോധന: ആറ് സ്ഥാപനങ്ങൾക്കെതിരെ നടപടി

 

കോലഞ്ചേരി:ഹെൽത്തി കേരള കാമ്പയിന്റെ ഭാഗമായി തിരുവാണിയൂർ ആരോഗ്യവിഭാഗം വണ്ടിപ്പേട്ട, മാമല, വെണ്ണിക്കുളം, കൊക്കപ്പള്ളി മേഖലകളിൽ നടത്തിയ ശുചിത്വപരിശോധനയിൽ ഭക്ഷണ -പാനീയ വില്പന നടത്തുന്ന 6 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു.
ഷിഗല്ലയും മറ്റു ഭക്ഷ്യജന്യരോഗങ്ങളും ശ്രദ്ധിക്കപ്പെടുന്ന സാഹചര്യത്തിൽ ഭക്ഷണസുരക്ഷിതത്വം ഉറപ്പാക്കുന്നതിന് സ്ഥാപനഉടമകളെ കൂടുതൽ ജാഗ്രത ഉള്ളവരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന സംഘടിപ്പിച്ചത്.നാളുകളായി മാലിന്യം നീക്കം ചെയ്യാതെ പാചകശാല പ്രവർത്തിപ്പിച്ചതിനും, ഹെൽത്ത് കാർഡില്ലാത്ത ജീവനക്കാരെ പാചകത്തിനും ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്നതിനും നിയോഗിച്ചതിനും, ഭക്ഷണശാലയിൽ കോട്പ നിയമപ്രകാരമുള്ള പുകയില രഹിത ബോർഡ് സ്ഥാപിക്കാത്തതിനും, നിരോധിത പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ചതിനും 6 സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നൽകി. മലിനമായ ചുറ്റുപാടിൽ രോഗാണുസംക്രമണ സാധ്യതയ്ക്കിടയാക്കുംവിധം വഴിയോരകച്ചവടം ചെയ്തവരെ വിലക്കി.
ഹെൽത്ത് ഇൻസ്‌പെക്ടർ കെ. കെ. സജിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ. എൻ. വിനയകുമാർ, ടി. എസ്. അജനീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.( ഫോട്ടോ: ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മാമലയിലെ ഒരു ഹോട്ടലിൽ പരിശോധന നടത്തുന്നു.)
(സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി)

Back to top button
error: Content is protected !!