ആവോലിയില്‍ വീട് കയറി ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്; പിന്നില്‍ ലഹരിക്കടിമകളായ കൗമാരക്കാരെന്ന് ആരോപണം

വാഴക്കുളം: ആവോലിയില്‍ വീട് കയറി ഉണ്ടായ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്. നടുക്കര വടക്കേക്കുന്നേല്‍ ഷാജുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ശനിയാഴ്ച രാത്രി പത്തോടെ നടുക്കര കോളനി പ്രദേശത്ത് വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഷാജുവും സമീപത്തെ റോഡിലൂടെ പോവുകയായിരുന്ന അഞ്ച് കൗമാരക്കാരുമായി വാക്കു തര്‍ക്കവും കൈയേറ്റവും ഉണ്ടായിരുന്നു. തുടര്‍ന്ന് വാക്കേറ്റത്തിന് ശേഷം പിരിഞ്ഞ് പോയ ഇവര്‍ ക്രിക്കറ്റ് സ്റ്റമ്പുകളും, വടിയും, കമ്പിവടിയും മറ്റുമായെത്തി വീട്ടില്‍ കയറി ഷാജുവിനെ ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ആക്രമണത്തില്‍ തലയ്ക്കും, കഴുത്തിനും പരിക്കേറ്റ ഷാജു മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ആക്രമണത്തില്‍ ഷാജുവിന്റെ കുടുംബാഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ലഹരി ഉപയോഗക്കാരായ കൗമാരക്കാരെന്ന് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. ഷാജുവും കുടുംബവും നല്‍കിയ പരാതിയെ തുടര്‍ന്ന് വാഴക്കുളംവാഴക്കുളം പോലീസ് ആശുപത്രിയില്‍ എത്തി ഷാജുവിന്റെയും കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്തി. നടുക്കര വള്ളിക്കട സ്വദേശികളായ അഞ്ചു കൗമാരക്കാര്‍ക്കെതിരേയാണ് പരാതി നല്‍കിയിട്ടുള്ളത്. പ്രദേശത്ത് കൗമാരക്കാരുടെ ഇടയില്‍ മദ്യത്തിന്റെയും, ലഹരി വസ്തുക്കളുടെയും ഉപയോഗം വര്‍ദ്ധിച്ച് വരുന്നതായും സാമൂഹ്യ വിരുദ്ധശല്യം രൂക്ഷമാകുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

 

Back to top button
error: Content is protected !!