നഗരത്തില്‍ ഭീതിപരത്തിയ നായയെ പിടികൂടി

മൂവാറ്റുപുഴ: നഗരത്തിലും പരിസരപ്രദേശങ്ങളിലും ഭീതിപരത്തുകയും 9പേരെ ആക്രമിക്കുകയും ചെയ്ത നായയെ പിടികൂടി. ഇന്ന് രാവിലെ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്നും തുടല്‍ പൊട്ടിച്ച് പുറത്തിറങ്ങിയ നായ നഗരസഭയിലെ 7ഓളം വാര്‍ഡുകളില്‍ ഭീതി പരത്തിയിരുന്നു. രാവിലെ 9ഓടെ മൂവാറ്റുപുഴ നഗരസഭയിലെ 7 വാര്‍ഡുകളിലെ 9 ആളുകള്‍ക്കും രണ്ട് വളര്‍ത്തുമൃഗങ്ങള്‍ക്കുമാണ് നായയുടെ ആക്രമണമുണ്ടായത്. കുട്ടികള്‍ അടക്കം 9പേര്‍ക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഓടുവില്‍ ഉച്ചകഴിഞ്ഞ് രണ്ടോടെ തൃക്ക ഭാഗത്തുനിന്നും നായെ പിടികൂടുകയായിരുന്നു. കോട്ടയത്ത് നിന്നുള്ള ജയകുമാറിന്റ നേതൃത്വത്തിലുള്ള സംഘമാണ് നായയെ പിടികൂടിയത്.

ദീര്‍ഘനാള്‍ പുറത്തിറങ്ങാതെ ഇരുന്നതിനാല്‍ നായ ആക്രമണകാരിയാകുകയായിരുന്നുവെന്നും നിലവില്‍ പേവിഷബാധയുടെ യാതൊരു ലക്ഷണവും നായ കാണിക്കുന്നില്ലെന്നും ജയകുമാര്‍ പറഞ്ഞു.പിടികൂടിയ നായയെ മൂവാറ്റുപുഴ വെറ്റിനറി ആശുപത്രിയിലും, തുടര്‍ന്ന് വടവുകോട് ഉള്ള പ്രത്യേക പരിചരണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും നഗരസഭാ ചെയര്‍മാന്‍ പി.പി എല്‍ദോസ് അറിയിച്ചു.
മൂവാറ്റുപുഴ നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന മറ്റ് നായ്ക്കളെ ഉടനടി പിടികൂടി നാട്ടുകാരുടെ ജീവന് സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാര്‍ ആവിശ്യപ്പെട്ടു. നായയുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

Back to top button
error: Content is protected !!