ആശ്രിത നിയമനത്തിന്റെ പേരില്‍ സംവരണം അട്ടിമറിക്കുന്നു: എസ്ഇയു

മൂവാറ്റുപുഴ: സര്‍ക്കാര്‍ സര്‍വീസിലിരുന്നു മരണമടയുന്ന ജീവനക്കാരന്റെ ആശ്രിതര്‍ക്കു നിയമനം നല്‍കുന്നതുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, നിലവിലുള്ള സംവരണം അട്ടിമറിക്കുന്നതും ആശ്രിത നിയമനങ്ങള്‍ ഇല്ലാതാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്ഇയു) ആരോപിച്ചു. കഴിഞ്ഞ വര്‍ഷം അംഗപരിമിതര്‍ക്ക് അനുവദിച്ച 2% സംവരണവും, മുസ്ലിം സമുദായത്തിനര്‍ഹതപ്പെട്ട റൊട്ടേഷന്‍ ടേണില്‍ നിന്നുമാണ് നല്‍കിയത്. ഫലത്തില്‍ മുസ്ലിം സമുദായത്തിനര്‍ഹതപ്പെട്ട 10% സംവരണത്തില്‍ 3% തത്വത്തില്‍ നഷ്ടപ്പെടുന്ന ദുരവസ്ഥയാണുള്ളത്. ഇത് ഭരണഘടനയുടെ 14,15, 16 ചട്ടപ്രകാരമുള്ള അവകാശങ്ങളുടെ നഗ്‌നമായ ലംഘനവും, കേരളാ സര്‍വീസ് നിയമപ്രകാരം ചട്ടവിരുദ്ധവുമാണന്നു സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്ഇയു) സംസ്ഥാന സെക്രട്ടറി അഷറഫ് മാണിക്യം പറഞ്ഞു.

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം, ജീവനക്കാരന്‍ മരണമടഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ആശ്രിത നിയമനത്തിനപേക്ഷിക്കണമെന്നും, മരണപ്പെട്ടു ഒരു വര്‍ഷത്തിനുള്ളിലെ വരുമാന പരിധി 8 ലക്ഷം കവിയരുതെന്നും, 13 വയസ്സില്‍ താഴെയുള്ളവര്‍ക്കു ജോലിക്കു പകരം സമാശ്വാസധനം നല്‍കാനുമുള്ള നിര്‍ദ്ദേശങ്ങള്‍, ആശ്രിത നിയമനങ്ങളെ അട്ടിമറിച്ച് ഇല്ലാതാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗവും, സുപ്രിം കോടതി വിധിക്കെതിരുമാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ എറണാകുളം ജില്ലാ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഷറഫ് മാണിക്യം. ജില്ലാ പ്രസിഡന്റ് പി.എം. നൗഷാദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി പി.എം റയീസ്, ട്രഷറര്‍ എ.കെ. ജമാല്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എം. റഷീദ്, ഉബൈസ്, അബ്ദുള്‍ ഷമീര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!